ചന്ദ്രയാന്‍ രണ്ട് പൂര്‍ണ പരാജയമല്ല; ഓര്‍ബിറ്റര്‍ ഇപ്പോഴും ബഹിരാകാശത്ത് തുടരുന്നത് പ്രതീക്ഷ നല്‍കുന്നു; ശാസ്ത്രജ്ഞര്‍

ആശയവിനിമയ തകരാറിനു പിന്നിലെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് മുന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ പിസി ഘോഷ്, ശാസ്ത്രജ്ഞന്‍ അമിതാഭ് പാണ്ഡെ എന്നിവര്‍ അഭിപ്രായപ്പെട്ടു
ചന്ദ്രയാന്‍ രണ്ട് പൂര്‍ണ പരാജയമല്ല; ഓര്‍ബിറ്റര്‍ ഇപ്പോഴും ബഹിരാകാശത്ത് തുടരുന്നത് പ്രതീക്ഷ നല്‍കുന്നു; ശാസ്ത്രജ്ഞര്‍

ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ അവസാന ഘട്ടത്തില്‍ ലക്ഷ്യം കാണാതെ പോയത് നിരാശയുണ്ടാക്കുന്നതായിരുന്നു. അവസാന നിമിഷങ്ങളില്‍ ലാന്‍ഡറുമായുള്ള ആശയ വിനിമയം നഷ്ടപ്പെട്ടത് ദൗത്യത്തിന് തിരിച്ചടിയായി മാറി.

ആശയവിനിമയ തകരാറിനു പിന്നിലെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് മുന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ പിസി ഘോഷ്, ശാസ്ത്രജ്ഞന്‍ അമിതാഭ് പാണ്ഡെ എന്നിവര്‍ അഭിപ്രായപ്പെട്ടു. ദൗത്യം പൂര്‍ണ പരാജയമായി എന്നു പറയാന്‍ സാധിക്കില്ല. ഓര്‍ബിറ്റര്‍ ഇപ്പോഴും ബഹിരാകാശത്ത് പൂര്‍ണ പ്രവര്‍ത്തന സജ്ജമായി നില്‍ക്കുന്നതിനാല്‍ ദൗത്യം ഭാഗികമായി വിജയിച്ചുവെന്ന് വിലയിരുത്താമെന്നും ഇരുവരും വ്യക്തമാക്കി. 

ചിത്രങ്ങളെടുത്ത് അയക്കാന്‍ ഓര്‍ബിറ്ററിന് ശാസ്ത്രജ്ഞര്‍ നിര്‍ദേശം നല്‍കും. ഓര്‍ബിറ്റര്‍ പ്രവര്‍ത്തന സജ്ജമാണെന്നതിനാല്‍ അത്തരമൊരു സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതെന്ന ഇപ്പോഴത്തെ നേരിയ പരാജയത്തെ സംബന്ധിച്ച് നിരാശ വേണ്ടതില്ലെന്നും ഇരുവരും വ്യക്തമാക്കി. 

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍മാര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളെ പിസി ഘോഷ് അഭിനന്ദിച്ചു. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് ചന്ദ്രയാന്‍ രണ്ട് പൂര്‍ണ വിജയത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ഐഎസ്ആര്‍ഒയുടെ സാങ്കേതിക കഴിവ് പരിശോധിക്കുന്നതടക്കമുള്ള ലക്ഷ്യങ്ങള്‍ ഈ ദൗത്യത്തിന് പിന്നിലുണ്ടായിരുന്നുവെന്ന് അമിതാഭ് പാണ്ഡെ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സാന്നിധ്യവും പിന്തുണയും ശാസ്ത്രജ്ഞന്‍മാരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പുലര്‍ച്ചെ 1.40ഓടെ വിക്രം ലാന്‍ഡറിന്റെ നാല് ചെറു റോക്കറ്റുകലും പ്രവര്‍ത്തനം തുടങ്ങിയിരുന്നു. റഫ് ബ്രേക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഫൈന്‍ ലാന്‍ഡിങിനിടെയാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചത്. 400 മീറ്റര്‍ അകലെ ലാന്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ച വിക്രം ലാന്‍ഡര്‍ 335 കിലോമീറ്ററിലേക്കാണ് ലാന്‍ഡ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com