'പിന്നോട്ടില്ല'; അടുത്ത പതിനാലുദിവസം ലാന്‍ഡറുമായുളള ബന്ധം പുനഃസ്ഥാപിക്കുന്നതിനുളള ശ്രമം തുടരും: കെ ശിവന്‍ 

സോഫ്റ്റ് ലാന്‍ഡിംഗിന്റെ നാലുഘട്ടങ്ങളില്‍ അവസാനത്തേതിന് മാത്രം പിഴവ് സംഭവിച്ചുവെന്നും ശിവന്‍ പറഞ്ഞു
'പിന്നോട്ടില്ല'; അടുത്ത പതിനാലുദിവസം ലാന്‍ഡറുമായുളള ബന്ധം പുനഃസ്ഥാപിക്കുന്നതിനുളള ശ്രമം തുടരും: കെ ശിവന്‍ 

ബംഗളൂരു: ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുളള ശ്രമം തുടരുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. അടുത്ത പതിനാല് ദിവസം ഇതിനായുളള ശ്രമങ്ങള്‍ തുടരും. സോഫ്റ്റ് ലാന്‍ഡിംഗിന്റെ നാലുഘട്ടങ്ങളില്‍ അവസാനത്തേതിന് മാത്രം പിഴവ് സംഭവിച്ചുവെന്നും ശിവന്‍ പറഞ്ഞു.

ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അകലെ വച്ചാണ് വിക്രം ലാന്‍ഡര്‍ ലക്ഷ്യം കാണാതെ പോയത്. അവസാന ഘട്ട പ്രവര്‍ത്തനത്തിന്റെ നിര്‍വഹണത്തില്‍ പോരായ്മകള്‍ സംഭവിച്ചു. ഇതിന്റെ ഫലമായി ലാന്‍ഡറുമായുളള ബന്ധം നഷ്ടപ്പെട്ടു. തുടര്‍ന്ന് ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിച്ചില്ലെന്നും കെ ശിവന്‍ പറഞ്ഞു.

ചന്ദ്രയാന്‍ രണ്ട് ദൗത്യം പരാജയമല്ലെന്നും മറ്റു പദ്ധതികളെ ഇത് ബാധിക്കില്ലെന്നും ശിവന്‍ പറഞ്ഞു. ചന്ദ്രയാന്‍ രണ്ട് ദൗത്യം 90 മുതല്‍ 95 ശതമാനം വരെ വിജയമാണെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്ററിന് ആറുവര്‍ഷം കൂടി അധികം ആയുസുണ്ടാകും. നേരത്തെ നിശ്ചയിച്ചതിലും കൂടുതല്‍ വര്‍ഷം ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുമെന്ന് അര്‍ത്ഥം. ഏഴുവര്‍ഷം ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.ചന്ദ്രനെകുറിച്ചുള്ള കൂടുതല്‍ പഠനത്തിന് ഓര്‍ബിറ്റര്‍ സഹായകമാകും. ദൗത്യം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ രാജ്യം മുഴുവന്‍ ശുഭവാര്‍ത്തയ്ക്കായി കാതോര്‍ത്ത് മിഴിയടയ്ക്കാതെയിരിക്കുമ്പോഴാണ് നിരാശ സമ്മാനിച്ച് വിക്രം ലാന്‍ഡര്‍ ലക്ഷ്യം കാണാതെ പോയത്.ഏറെ തയ്യാറെടുപ്പുകള്‍ക്കുശേഷം പുലര്‍ച്ചെ 1.38നാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്കുള്ള പ്രയാണമാരംഭിച്ചത്. ഇസ്‌റോ കേന്ദ്രത്തിലുണ്ടായിരുന്ന പ്രധാനമന്ത്രി, ശാസ്ത്രജ്ഞര്‍, ക്ഷണിക്കപ്പെട്ട് എത്തിയവര്‍ തുടങ്ങി എല്ലാവരും ആകാംക്ഷയോടെ വിജയനിമിഷത്തിനായി കാത്തിരുന്നു. ലാന്‍ഡറിന്റെ വേഗംകുറച്ച് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ്‌ലാന്‍ഡിങ് നടത്താനുള്ള ആദ്യ ഘട്ടം വിജയകരമായാണ് പൂര്‍ത്തിയാക്കിയത്. ഓരോ ഘട്ടത്തിലുമുള്ള ശാസ്ത്രജ്ഞരുടെ അനൗണ്‍സ്‌മെന്റുകള്‍ കേന്ദ്രത്തിലുള്ളവര്‍ കൈയടികളോടെയാണു സ്വീകരിച്ചത്. കണ്‍ട്രോള്‍ റൂമിലുള്ള പ്രധാനമന്ത്രിക്ക് ശാസ്ത്രജ്ഞര്‍ മാറിമാറി ഓരോ ഘട്ടവും വിശദീകരിച്ചുകൊടുത്തു.

അവസാന നിമിഷത്തിനു തൊട്ടുമുന്‍പ് ലാന്‍ഡറിന്റെ നിശ്ചിത പാതയില്‍നിന്നുള്ള വ്യതിചലനം വന്നതോടെ ശാസ്ത്രജ്ഞരുടെ മുഖത്താകെ നിരാശ പടരുകയായിരുന്നു. പലരും കംപ്യൂട്ടറുകള്‍ക്കു മുന്നില്‍ തലകുമ്പിട്ടിരുന്നു. അപ്പോള്‍ത്തന്നെ, ദൗത്യം വിജയകരമായില്ലെന്ന തോന്നല്‍ എല്ലാവരിലും പടര്‍ന്നു. ഏവര്‍ക്കും നിരാശ സമ്മാനിച്ച് വൈകാതെ ഐഎസ്ആര്‍ഒ ചെയര്‍മാന്റെ വിശദീകരണമെത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com