രാഷ്ട്രപതിക്ക് വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്‍

ജമ്മുകശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി നിലനില്‍ക്കുന്ന സംഘര്‍ഷം വര്‍ധിപ്പിച്ച് വീണ്ടും പാകിസ്ഥാന്റെ പ്രകോപനനടപടി
രാഷ്ട്രപതിക്ക് വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്‍

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി നിലനില്‍ക്കുന്ന സംഘര്‍ഷം വര്‍ധിപ്പിച്ച് വീണ്ടും പാകിസ്ഥാന്റെ പ്രകോപനനടപടി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിദേശ സന്ദര്‍ശനത്തിനായി തങ്ങളുടെ വ്യോമപാത നിഷേധിച്ചതായി പാകിസ്ഥാന്‍ അറിയിച്ചു.

അടുത്ത കാലത്തായുള്ള ഇന്ത്യയുടെ പെരുമാറ്റമാണ് രാഷ്ട്രപതിയുടെ വിദേശ സന്ദര്‍ശനത്തിന് വ്യോമപാത നിഷേധിക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പ്രസ്താവനയില്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് രാഷ്ട്രപതിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം ആരംഭിക്കുന്നത്. ഐസ്‌ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്ലോവേനിയ എന്നി രാജ്യങ്ങളാണ് രാഷ്ട്രപതിയുടെ വിദേശസന്ദര്‍ശനത്തില്‍ ഉള്‍പ്പെടുന്നത്. 

രാഷ്ട്രപതിയുടെ വിദേശ സന്ദര്‍ശനത്തിന് വ്യോമപാത അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യമാണ് പാകിസ്ഥാന്‍ തളളിയത്. തീരുമാനത്തിന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

സന്ദര്‍ശനത്തില്‍ ഇന്ത്യയുടെ ആശങ്കകള്‍ മറ്റു രാഷ്ട്രങ്ങളുടെ തലവന്മാരുമായി രാഷ്ട്രപതി പങ്കുവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുല്‍വാമ ഉള്‍പ്പെടെ പാകിസ്ഥാന്റെ ഭാഗത്തുനിന്നുമുണ്ടായ പ്രകോപനനടപടികള്‍ വിവിധ രാഷ്ട്രതലവന്മാരുമായുള്ള യോഗത്തില്‍ രാഷ്ട്രപതി ഉന്നയിച്ചേക്കും.ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ബന്ധം വഷളായിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com