പിഴ തുക ഒരു ലക്ഷത്തിലേക്ക്!; ട്രക്ക് ഡ്രൈവര്‍ക്ക് ചുമത്തിയത് 86,500 രൂപ

പുതുക്കിയ പിഴ ഘടന അനുസരിച്ച് രാജ്യത്ത് ഇതുവരെ ചുമത്തിയതില്‍ ഏറ്റവും ഭീമമായ പിഴത്തുകയാണിത്
പിഴ തുക ഒരു ലക്ഷത്തിലേക്ക്!; ട്രക്ക് ഡ്രൈവര്‍ക്ക് ചുമത്തിയത് 86,500 രൂപ

ഭുവനേശ്വര്‍: പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമമനുസരിച്ച് നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഉയര്‍ന്ന പിഴ ചുമത്തുന്നത് സംബന്ധിച്ചുളള വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഉയര്‍ന്ന പിഴ ചുമത്തുന്നതിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. അതിനിടെ ഒഡീഷയില്‍ ട്രക്ക് ഡ്രൈവര്‍ക്ക് 86,500 രൂപ പിഴ ചുമത്തിയതാണ് ഇതില്‍ ഒടുവിലത്തേത്. പുതുക്കിയ പിഴ ഘടന അനുസരിച്ച് രാജ്യത്ത് ഇതുവരെ ചുമത്തിയതില്‍ ഏറ്റവും ഭീമമായ പിഴത്തുകയാണിത്.

ട്രക്ക് ഡ്രൈവറായ അശോക് ജാദവിനാണ് പുതിയ പിഴ ഘടന പ്രകാരം ഭീമമായ തുക പിഴ ചുമത്തിയത്. ചൊവ്വാഴ്ചയാണ് പിഴ ചുമത്തിയതെങ്കിലും പിഴത്തുകയുടെ രസീത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം ചര്‍ച്ചയായത്. 

അംഗീകൃത ഡ്രൈവര്‍ അല്ലാത്ത വ്യക്തിക്ക് ട്രക്ക് ഓടിക്കാന്‍ നല്‍കിയതിന് 5000 രൂപ, ലൈസന്‍സ് ഇല്ലാത്തതിന് 5000 രൂപ, 18 ടണ്‍ അധിക ലോഡിന് 56000 രൂപ. പുറത്തേക്ക് തള്ളിനില്‍ക്കുന്ന വിധമുള്ള ലോഡിന് 20,000 രൂപ, പൊതുവായ മറ്റ് നിയമലംഘനങ്ങള്‍ക്ക് 500 രൂപ എന്നിങ്ങനെയാണ് പിഴ ചുമത്തിയതെന്ന് സാമ്പല്‍പൂര്‍ ആര്‍ടിഒ ലളിത് മോഹന്‍ ബെഹ്‌റ പറഞ്ഞു. 86,500 രൂപയാണ് പിഴ ചുമത്തിയതെങ്കിലും അധികൃതരോട് ഏറെ നേരം താണുകേണ് അപേക്ഷിച്ച് പിഴത്തുക 70,000 രൂപയായി കുറച്ചു. 

നാഗാലാന്‍ഡ് ആസ്ഥാനമായുള്ള ബി എല്‍ എ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ട്രക്ക്. ജെസിബി മെഷീനുമായി ഛത്തീസ്ഗഡില്‍ നിന്ന് ആംഗല്‍ ജില്ലയിലെ താല്‍ച്ചറിലേക്ക് പോകുന്നതിനിടെയാണ് വാഹനം പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com