മധ്യപ്രദേശ് കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം; ഇടപെട്ട് സോണിയ; പരിഹാരത്തിന് ആന്റണി

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി
മധ്യപ്രദേശ് കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം; ഇടപെട്ട് സോണിയ; പരിഹാരത്തിന് ആന്റണി

ന്യൂഡല്‍ഹി: മധ്യപ്രദേശ് കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ രൂക്ഷമായി തുടരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി ഇടപെടുന്നു. ഇതിന്റെ ഭാഗമായി മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി. 

പാര്‍ട്ടിയില്‍ പ്രശ്‌നം രൂക്ഷമാണെന്ന് മുഖ്യമന്ത്രി കമല്‍നാഥ് അറിയിച്ചതിനെ തുടര്‍ന്നാണ് സോണിയ ഗാന്ധിയുടെ ഇടപെടല്‍. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്ന് സംസ്ഥാന ചുമതലയുള്ള ദീപക് ബാബ്‌റിയയും സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങിനെതിരെ ചില മന്ത്രിമാര്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. ഭരണ കാര്യങ്ങളില്‍ അദ്ദേഹം അനാവശ്യമായി ഇടപെടുന്നുവെന്നാണ് ആരോപണം. പിസിസി അധ്യക്ഷ സ്ഥാനത്തിന് വേണ്ടിയും ശക്തമായ നീക്കങ്ങളാണ് നടക്കുന്നത്.

ജ്യോതിരാദിത്യ സിന്ധ്യയെ പിസിസി പ്രസിന്റാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പോസ്റ്റര്‍ യുദ്ധവും തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിന്ധ്യയെ പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് കൂറ്റന്‍ ബോര്‍ഡുകളാണ് ഉയരുന്നത്. മുഖ്യമന്ത്രിയായതിന് ശേഷവും പാര്‍ട്ടി അധ്യക്ഷനായി കമല്‍നാഥ് തുടരുകയാണ്. 

മിക്ക എംഎല്‍എമാരും മന്ത്രിമാരും സിന്ധ്യക്ക് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. അധ്യക്ഷ സ്ഥാനം ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് സിന്ധ്യ നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com