വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ല, ചരിഞ്ഞ നിലയിലെന്ന് ഐഎസ്ആര്‍ഒ

ചന്ദ്രോപരിതലത്തില്‍ ചന്ദ്രനില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെവച്ചാണ് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടത്
വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ല, ചരിഞ്ഞ നിലയിലെന്ന് ഐഎസ്ആര്‍ഒ

ബംഗലൂരു : വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ലെന്ന് ഐഎസ്ആര്‍ഒ. ലാന്‍ഡിംഗിനിടെ, ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞ് കിടക്കുകയാണ്. ലാന്‍ഡര്‍ പൊട്ടിതകര്‍ന്നിട്ടില്ലെന്നും, വിക്രം  ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം നടക്കുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. 

ഓര്‍ബിറ്റുകള്‍ അയച്ച തെര്‍മല്‍ ഇമേജുകള്‍ വിലയിരുത്തിയാണ് ഐഎസ്ആര്‍ഒ ഈ നിഗമനത്തിലെത്തിയത്. ബംഗലൂരു ഐഎസ്ആര്‍ഒ കേന്ദ്രത്തിലെ ടെലിമെട്രിയിലെ ശാസ്ത്രജ്ഞര്‍ ആശയബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തില്‍ മുഴുകിയിരിക്കുകയാണെന്നും അധികൃതര്‍ സൂചിപ്പിച്ചു. ചന്ദ്രോപരിതലത്തില്‍ ചന്ദ്രനില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെവച്ചാണ് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ഒര്‍ബിറ്ററിലെ കാമറ എടുത്ത ചിത്രങ്ങളില്‍ നിന്നാണ് ഇടിച്ചിറങ്ങിയതാണെന്ന് മനസ്സിലാക്കാനായത്.

വിക്രമുമായി ബന്ധം പുനസ്ഥാപിക്കപ്പെടാനുള്ള സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് ചന്ദ്രയാന്‍ 1 പ്രൊജക്ട് ഡയറക്ടര്‍ ഡോ മൈലസ്വാമി അണ്ണാദുരൈ വ്യക്തമാക്കിയിരുന്നു വിക്രമിന്റെ ചന്ദ്രോപരിതലത്തിലെ സ്ഥാനം കണ്ടെത്താനായത് നിര്‍ണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ലാന്‍ഡറിന് ഓര്‍ബിറ്ററുമായി നേരിട്ട് ബന്ധപ്പെടാനുള്ള കഴിവുണ്ട്. ഏതെങ്കിലും ഗര്‍ത്തത്തില്‍ വീണാല്‍ പോലും തിരിച്ച് സിഗ്‌നലുകള്‍ ലഭിക്കണമെന്ന് കരുതിയാണ്  വിക്രം ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇനിയുള്ള സമയം നിര്‍ണ്ണായകമാണെന്നും അണ്ണാദുരൈ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com