ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരുടെ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍

ചന്ദ്രയാന്‍ 2 ഉള്‍പ്പെടെയുള്ള അതിപ്രധാന ദൗത്യങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെ ഐഎസ്ആര്‍ഓയിലെ ജീവനക്കാരുടെ ശമ്പള ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍
ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 2 ഉള്‍പ്പെടെയുള്ള അതിപ്രധാന ദൗത്യങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെ ഐഎസ്ആര്‍ഒയിലെ ജീവനക്കാരുടെ ശമ്പള ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ളവരുടെ ആനുകൂല്യങ്ങളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. അഡിഷണല്‍ ഇന്‍ക്രിമെന്റുകള്‍ നല്‍കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഐഎസ്ആആര്‍ഒ ഉദ്യോഗസ്ഥര്‍ പ്രതിസന്ധിയിലായിരിക്കുന്നത് എന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ 1മുതല്‍ എസ്ഡി, എസ്ഇ, എസ്എഫ്, എസ്ജി ഗ്രെയിഡിലുള്ള ശാസ്ത്രജ്ഞരുടെയും എഞ്ചിനിയര്‍മാരുടെയും അഡിഷണല്‍ ഇന്‍ക്രിമെന്റുകള്‍ പിന്‍വലിച്ചുകൊണ്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ഡെപ്യൂട്ടി സെക്രട്ടറി ഉത്തരവിറക്കി. ജൂണ്‍ 12നാണ് ഉത്തരവിറക്കിയത്. 

ശാസ്ത്രജ്ഞര്‍ക്ക് പ്രചോദനം നല്‍കാനായി ശമ്പളം വര്‍ധിപ്പിക്കാന്‍ 1996ല്‍ എടുത്ത തീരുമാനമാണ് സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. ഐഎസ്ആര്‍ഒയില്‍ ചേരാന്‍ ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കാനും ബഹിരാകാശ ഏജന്‍സിയില്‍ ഇതിനകം ജോലി ചെയ്യുന്നവരെ പ്രചോദിപ്പിക്കാനുമാണ് സുപ്രീംകോടതി 23 വര്‍ഷം മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. 

ഇത് അന്നത്തെ രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണത്തിന് ഒരുമാസം മുമ്പ് കേന്ദ്രം ഈ പതിവ് നിര്‍ത്തലാക്കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. ഇതോടെ ശാസ്ത്രജ്ഞര്‍ക്ക് മാസം കിട്ടിക്കൊണ്ടിരുന്ന  ആനുകൂല്യങ്ങള്‍ ഇല്ലാതായി. 10,000-12,000, 12,000-16,500,14,300-18,300,16,4400-20,000 എന്നിങ്ങനെയായിരുന്നു ഗ്രേഡ് അനുസരിച്ച് ശാസ്ത്രജ്ഞര്‍ക്കും ജീവനക്കാര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നത്.  

ധനവകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതെന്ന് അറിയിപ്പില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന് സ്‌പെയിസ് എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍നിവേദനം നല്‍കിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com