'തമിഴന്‍ എന്ന നിലയില്‍ എന്ത് തോന്നുന്നു'; ചോദ്യത്തിന് മാസ് മറുപടി നല്‍കി കെ ശിവന്‍; കൈയടി

ഒരു തമിഴ് ചാനലിന് അദ്ദേഹം നല്‍കിയ മറുപടി ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ നിറയുകയാണ്
'തമിഴന്‍ എന്ന നിലയില്‍ എന്ത് തോന്നുന്നു'; ചോദ്യത്തിന് മാസ് മറുപടി നല്‍കി കെ ശിവന്‍; കൈയടി

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ രണ്ട് ദൗത്യത്തില്‍ അവസാന നിമിഷത്തില്‍ നേരിയ പിഴവ് വന്നെങ്കിലും ഏറ്റവും കടുപ്പമേറിയ ദൗത്യം 95 ശതമാനവും വിജയത്തിലെത്തിയത് അഭിമാനകരമായ നേട്ടമായി. രാജ്യം മുഴുവന്‍ ഉറക്കമൊഴിഞ്ഞാണ് ചന്ദ്രയാന്റെ അവസാന നിമിഷങ്ങള്‍ ടെലിവിഷനിലൂടെ തത്സമയം കണ്ടത്. ഇപ്പോള്‍ രാജ്യത്തിന്റെ ഹീറോയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. ഐഎസ്ആർഓയുടെ തലപ്പത്തേക്കുള്ള അദ്ദേഹത്തിന്റെ യാത്ര പ്രചോദനാത്മകമാണ്. 

അതിനിടെ ഒരു തമിഴ് ചാനലിന് അദ്ദേഹം നല്‍കിയ മറുപടി ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ നിറയുകയാണ്. തമിഴനെന്ന നിലയില്‍ തമിഴ്‌നാട്ടിലെ ജനങ്ങളോട് എന്താണ് പറയാനുള്ളതെന്ന് ചോദ്യത്തിന് താന്‍ ആദ്യം ഇന്ത്യക്കാരനാണെന്നായിരുന്നു ഐഎസ്ആര്‍ഒ ചെയര്‍മാന്റെ മറുപടി. തമിഴ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം നല്‍കിയ ഈ മറുപടി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. 

ഇന്ത്യന്‍ എന്ന നിലയിലാണ് താന്‍ ഐഎസ്ആര്‍ഒയില്‍ ചേര്‍ന്നത്. എല്ലാ മേഖലകളില്‍ നിന്നുള്ളവരും എല്ലാ ഭാഷക്കാരും ജോലി ചെയ്യുന്ന സ്ഥാപനമാണ് ഐഎസ്ആര്‍ഒ എന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക വാദത്തിനപ്പുറം താന്‍ ഇന്ത്യക്കാരനാണെന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ച കെ ശിവനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാന അതിരുകള്‍ക്കപ്പുറം ഏവരുടെയും ഹൃദയം കവരുന്ന നിലപാടാണ് അദ്ദേഹത്തിന്റേതെന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ട്വീറ്റ് ചെയ്തു. 

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കര്‍ഷക കുടുംബത്തില്‍ നിന്നുള്ള അംഗമാണ് കൈലാസവടിവൂ ശിവന്‍ എന്ന കെ ശിവന്‍. മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് 1980ല്‍ എയറോനോട്ടിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം നേടിയ അദ്ദേഹം ബാംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്ന് എയറോസ്‌പേസ് എന്‍ജിനീയറിങും 1982ല്‍ ബോംബെ ഐഐടിയില്‍ നിന്ന് എയറോസ്‌പേസ് എന്‍ജിനീയറിങില്‍ പിഎച്ച്ഡിയും നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com