'നാടകം കളിക്കുന്നത് നിര്‍ത്തൂ'; വീല്‍ചെയറിലിരുന്ന യാത്രക്കാരിയോട് പൊട്ടിത്തെറിച്ച് വിമാനത്താവള ജീവനക്കാരി, ദുരനുഭവം

ഭിന്നശേഷി യാത്രക്കാരിയോട് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ അപമര്യാദയായി പെരുമാറിയെന്ന് ആരോപണം
'നാടകം കളിക്കുന്നത് നിര്‍ത്തൂ'; വീല്‍ചെയറിലിരുന്ന യാത്രക്കാരിയോട് പൊട്ടിത്തെറിച്ച് വിമാനത്താവള ജീവനക്കാരി, ദുരനുഭവം

ന്യൂഡല്‍ഹി: ഭിന്നശേഷി യാത്രക്കാരിയോട് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. മുംബൈയിലേക്ക് പോകാനെത്തിയ വിരാലി മോദി എന്ന യുവതിയാണ് തനിക്ക് നേരിട്ട ദുരനുഭവം ട്വിറ്ററിലുടെ പുറംലോകത്തെ അറിയിച്ചത്. 

തിങ്കളാഴ്ച വൈകീട്ട് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകയാണ് വിരാലി. പരിശോധന കൗണ്ടറില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥ മോശമായി പെരുമാറിയെന്നാണ് വിരാലിയുടെ ട്വീറ്റ്. 

പരിശോധനക്കായി തന്നോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് കഴിയില്ലെന്ന് പറഞ്ഞു. 2006ല്‍ നട്ടെല്ലിന് ഉണ്ടായ പരിക്കിനെ തുടര്‍ന്ന് തനിക്ക് നടക്കാനും നില്‍ക്കാനും സാധിക്കില്ലെന്നും പറഞ്ഞുനോക്കി. എന്നാല്‍ നാടകം കളിയ്ക്കരുതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥ തട്ടിക്കയറുകയും മേലുദ്യോഗസ്ഥനോട് പരാതിപ്പെടുകയും ചെയ്തു. രേഖകള്‍ കാണിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ശ്രദ്ധിച്ചില്ല. മറ്റൊരു ഉദ്യോഗസ്ഥനാണ് തന്നെ പരിശോധിച്ച് പോകാന്‍ അനുവദിച്ചത്. സംഭവത്തില്‍ എഐഎസ്എഫ് തന്നോട് ഖേദം പ്രകടിപ്പിച്ചതായും വിരാലി വ്യക്തമാക്കി. 

രണ്ട് വര്‍ഷം മുമ്പ് മുംബൈ റെയില്‍വേ സ്‌റ്റേഷനില്‍ തന്നെ ട്രെയിന്‍ കയറാന്‍ ശ്രമിച്ചയാള്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് വിരാലി ആരോപണമുന്നയിച്ചിരുന്നു. അന്ന് വിരാലി തുടങ്ങിവെച്ച 'മൈ ട്രെയിന്‍ ടൂ' എന്ന കാമ്പയിന്‍ ട്വിറ്ററില്‍ ചര്‍ച്ചയായി. ഇതിനെ തുടര്‍ന്നാണ് എറണാകുളം റെയില്‍വേ സ്‌റ്റേഷന്‍ ഭിന്നശേഷി സൗഹൃദമായി പ്രഖ്യാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com