'നിങ്ങള്‍ക്ക് നേതാവാകണോ?, കലക്ടറുടെയും എസ്പിയുടെയും കോളറില്‍ കയറിപ്പിടിക്കുക'; കുട്ടികളോട് കോണ്‍ഗ്രസ് മന്ത്രി (വിവാദ വീഡിയോ)

കുട്ടികള്‍ക്ക് രാഷ്ട്രീയ ബാലപാഠം പറഞ്ഞു കൊടുക്കുന്നതിനിടെ, ഛത്തീസ്ഗഡ് മന്ത്രിയുടെ വിവാദ പരാമര്‍ശം
'നിങ്ങള്‍ക്ക് നേതാവാകണോ?, കലക്ടറുടെയും എസ്പിയുടെയും കോളറില്‍ കയറിപ്പിടിക്കുക'; കുട്ടികളോട് കോണ്‍ഗ്രസ് മന്ത്രി (വിവാദ വീഡിയോ)

റായ്പൂര്‍: കുട്ടികള്‍ക്ക് രാഷ്ട്രീയ ബാലപാഠം പറഞ്ഞു കൊടുക്കുന്നതിനിടെ, ഛത്തീസ്ഗഡ് മന്ത്രിയുടെ വിവാദ പരാമര്‍ശം. എങ്ങനെയാണ് നേതാവ് ആയത് എന്ന കുട്ടികളുടെ ചോദ്യത്തിന് മന്ത്രി കവാസി ലാക്മ നല്‍കിയ മറുപടിയാണ് വിവാദമായത്. രാഷ്ട്രീയക്കാരനാകണമെങ്കില്‍ കലക്ടറുടെയും എസ്പിയുടെയും കോളറിന് കയറിപ്പിടിക്കണമെന്നതാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. സംഭവം വിവാദമായതോടെ തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്ന വിശദീകരണവുമായി മന്ത്രി രംഗത്തുവന്നു.

അധ്യാപകദിനത്തില്‍ സുക്മ ജില്ലയിലെ സ്‌കൂളില്‍ നടത്തിയ പരിപാടിയിലാണ് മന്ത്രിയുടെ വിവാദപരാമര്‍ശം. കുട്ടികളുടെ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് വിവാദമായത്. 'നിങ്ങള്‍ എങ്ങനെയാണ് നേതാവായത്, അങ്ങനെയാവാന്‍ ഞാന്‍ എന്തുചെയ്യണം' - ഇതായിരുന്നു ഒരു കുട്ടിയുടെ ചോദ്യം. ഇതിന് മറുപടിയായാണ് കലക്ടറുടെയും എസ്പിയുടെയും കോളറില്‍ കയറിപ്പിടിക്കണമെന്ന വിവാദ പരാമര്‍ശം മന്ത്രി നടത്തിയത്. അങ്ങനെ ചെയ്താല്‍ നിങ്ങളും വലിയ നേതാവാകുമെന്ന് മന്ത്രി പറയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തുവന്നത്. 'കുട്ടികളോട് നിങ്ങള്‍ക്ക് ഭാവിയില്‍ എന്താകണമെന്ന് ചോദിച്ചു. ചില കുട്ടികള്‍ നേതാവാകണമെന്ന് പറഞ്ഞു. ഇതിനിടെ ചിലര്‍ ഞാന്‍ എങ്ങനെയാണ് നേതാവ് ആയതെന്നും നേതാവാകാന്‍ എന്തുചെയ്യണമെന്നും ചോദിച്ചു. നേതാവാകണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ജനങ്ങളെ സേവിക്കണം, അവര്‍ക്ക് വേണ്ടി കലക്ടര്‍ ഓഫീസില്‍ പോരാടണം'- ഇതാണ് താന്‍ പറഞ്ഞതെന്നും തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

അഞ്ചുതവണ കോണ്‍ഗ്രസ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ലാക്മ ഇതിന് മുന്‍പും വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ വോട്ടറെ ഭീഷണിപ്പെടുത്തുന്ന വീഡിയോ വ്യാപകമായാണ് പ്രചരിച്ചത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്താല്‍ ഇലക്ട്രിക് ഷോക്ക് ലഭിക്കുമെന്ന മന്ത്രിയുടെ പരാമര്‍ശമാണ് അന്ന് വിവാദമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com