രാജ്യദ്രോഹക്കുറ്റം: ഷെഹ്‌ലയുടെ അറസ്റ്റ് തടഞ്ഞ് കോടതി, വിശദമായ അന്വേഷണം വേണമെന്ന് നിര്‍ദേശം

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിന് മുന്‍കൂര്‍ ജാമ്യം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിന് മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കശ്മീര്‍ താഴ്‌വരയില്‍ സൈന്യം ജനങ്ങളെ ദ്രോഹിക്കുന്നു എന്ന ട്വീറ്റിന് പിന്നാലെയാണ് ഷെഹ്‌ലയ്ക്ക് എതിരെ രാജ്യദ്രേഹക്കുറ്റം ചുമത്തിയത്. 
 
ഷെഹ്‌ലയെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നും കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പവന്‍ കുമാര്‍ ജയിന്‍ ഉത്തരവിട്ടു. കേസ് നവംബര്‍ അഞ്ചിലേക്ക് മാറ്റിവച്ചു. അതുവരെ ഷെഹ്‌ലയെ അറസ്റ്റ് ചെയ്യരുതെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം അനുസരിച്ച ചോദ്യം ചെയ്യലിന് സഹകരിക്കണമെന്ന് കോടതി ഷെഹ്‌ലയോട് നിര്‍ദേശിച്ചു. 

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടെ ജമ്മു കശ്മീരില്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന ഷെഹ്‌ല റാഷിദിന്റെ ട്വീറ്റുകളിലാണ് കേസ്. കശ്മീരില്‍ സൈന്യം ബിജെപിയുടെ അജണ്ട നടപ്പാക്കുകയാണെന്നും ഷെഹ്‌ല ആരോപിക്കുകയുണ്ടായി. എന്നാല്‍ ഷെഹ്‌ലയുടെ ആരോപണം വ്യാജമാണെന്നായിരുന്നു സൈന്യത്തിന്റെ വിശദീകരണം.

എന്നാല്‍ സൈന്യം അന്വേഷണം നടത്താന്‍ തയ്യാറാണെങ്കില്‍ താന്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് ഷെഹ്‌ല മറുപടി നല്‍കിയിരുന്നു. 124എ, 153എ, 153, 504, 505 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഷെഹ്‌ലക്കെതിരെ കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com