ആന്ധ്ര മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലില്‍ ; ഗുണ്ടൂരില്‍ നിരോധനാജ്ഞ; വ്യാപക അറസ്റ്റ്

ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിനെതിരെ ടിഡിപി ഇന്ന് റാലി നടത്താനിരുന്ന പശ്ചാത്തലത്തിലാണ് നടപടി
ആന്ധ്ര മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലില്‍ ; ഗുണ്ടൂരില്‍ നിരോധനാജ്ഞ; വ്യാപക അറസ്റ്റ്

ഹൈദരാബാദ് : ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകനും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ നാരാ ലോകേഷും വീട്ടുതടങ്കലില്‍. ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിനെതിരെ പ്രതിപക്ഷമായ ടിഡിപി ഇന്ന് റാലി നടത്താനിരുന്ന പശ്ചാത്തലത്തിലാണ് നടപടി. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍, തെലുങ്കുദേശം പാര്‍ട്ടിക്കാര്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് റാലിക്ക് ആഹ്വാനം നല്‍കിയത്. പൊലീസ് റാലിക്ക് അനുമതി നിഷേധിച്ചിട്ടുണ്ട്. 

റാലി നടത്താന്‍ നിശ്ചയിച്ച ആന്ധ്രയിലെ ഗുണ്ടൂരില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച ആന്ധ്രയിലെ ടിഡിപി പ്രവര്‍ത്തകരെയും നേതാക്കളെയും പൊലീസ് വ്യാപകമായി അറസ്റ്റു ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.  വീട്ടുതടങ്കലിലാക്കിയത് അറിഞ്ഞ് നായിഡുവിന്റെ വീട്ടുപടിക്കലേക്കെത്തിയ ടിഡിപി പ്രവര്‍ത്തകരെയും പൊലീസ് തടഞ്ഞു. 

ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്ഡി അധികാരത്തിലേറിയ ശേഷം ഗുണ്ടൂരിലെ പാല്‍നാട് മേഖലയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് വ്യാപക അക്രമം അഴിച്ചുവിടുകയാണെന്നാണ് ടിഡിപി ആരോപിക്കുന്നത്. മേഖലയില്‍ എട്ടു ടിഡിപി പ്രവര്‍ത്തകരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്നും, വൈഎസ്ആര്‍ കോണ്‍ഗ്രസുകാരുടെ അക്രമത്തെ തുടര്‍ന്ന് നാടുവിടേണ്ട അവസ്ഥയിലാണെന്നും ടിഡിപി പ്രവര്‍ത്തകര്‍ ഹൈദരാബാദിലെ പാര്‍ട്ടി ഓഫീസിലെത്തി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടിഡിപി നേതൃത്വം പ്രതിഷേധ റാലിക്ക് തീരുമാനമെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com