ഉന്നാവ് ലൈംഗിക പീഡനക്കേസിന്റെ വിചാരണ ഇന്ന് തുടങ്ങും ; പെണ്‍കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തും

മൊഴി രേഖപ്പെടുത്തും മുമ്പ് ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില പരിശോധിക്കുകയും കോടതിയെ അറിയിക്കുകയും ചെയ്യും
ഉന്നാവ് ലൈംഗിക പീഡനക്കേസിന്റെ വിചാരണ ഇന്ന് തുടങ്ങും ; പെണ്‍കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തും

ന്യൂഡല്‍ഹി:  ഉന്നാവ് ലൈംഗിക പീഡനക്കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. എയിംസ് ആശുപത്രിയില്‍ ഒരുക്കിയ താത്കാലിക കോടതിയിലാണ് വിചാരണ നടപടികള്‍ ആരംഭിക്കുക. പ്രത്യേക ജഡ്ജി ധര്‍മേശ് ശര്‍മ്മയാണ് കേസ് പരിഗണിക്കുകയും ഇരയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യുക. പെണ്‍കുട്ടിയുടെ ആവശ്യപ്രകാരമാണ് എയിംസില്‍ താത്കാലിക വിചാരണ കോടതിക്ക് സുപ്രിംകോടതി അനുമതി നല്‍കിയത്.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ ഡല്‍ഹി ഹൈക്കോടതിയും അനുമതി നല്‍കിയിരുന്നു. മൊഴി രേഖപ്പെടുത്തും മുമ്പ് ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില പരിശോധിക്കുകയും കോടതിയെ അറിയിക്കുകയും ചെയ്യും. സിബിഐയുടെയും പ്രതി കുല്‍ദീപ് സിങ് സെന്‍ഗറിന്റെയും അഭിഭാഷകര്‍ താത്കാലിക കോടതിയില്‍ ഹാജരാകും. രഹസ്യവിചാരണയായതിനാല്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല.

വാഹനാപകടത്തിന് പിന്നില്‍ ബലാത്സംഗ കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറെന്നാണ് ഉന്നാവ് പെണ്‍കുട്ടി മൊഴി നല്‍കിയത് ഇതിനകം പുറത്തുവന്നിരുന്നു. തന്നെ ഇല്ലാതാക്കുകയായിരുന്നു കുല്‍ദീപിന്റെ ലക്ഷ്യമെന്നും ഇതിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അപകടമെന്നും പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു.

അപകടത്തിന് മുന്‍പ് കുല്‍ദീപും കൂട്ടാളികളും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. 2017 ജൂണ്‍ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍
പീഡിപ്പിച്ചുവെന്നാണ് കേസ്. തനിക്ക് നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് 2018 ഏപ്രില്‍ മാസത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് ഉന്നാവ് കേസ് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com