പാകിസ്ഥാന് വീണ്ടും തിരിച്ചടി; കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് ആവര്‍ത്തിച്ച് യുഎന്‍

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയെ സമീപിച്ച പാകിസ്ഥാന് വീണ്ടും തിരിച്ചടി
പാകിസ്ഥാന് വീണ്ടും തിരിച്ചടി; കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് ആവര്‍ത്തിച്ച് യുഎന്‍

ജനീവ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയെ സമീപിച്ച പാകിസ്ഥാന് വീണ്ടും തിരിച്ചടി. തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ് വ്യക്തമാക്കി. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടാനാവില്ലെന്നും അദ്ദേഹം പാക് അധികൃതരോട് പറഞ്ഞു. വിഷയത്തില്‍ ഇന്ത്യയെയും പാകിസ്ഥാനെയും ബന്ധപ്പെട്ട സെക്രട്ടറി ജനറല്‍ തീരുമാനം ഇരു രാജ്യങ്ങളെയും അറിയിച്ചതായും അദ്ദേഹത്തിന്റെ വക്താവ് സ്ഥരീകരിച്ചു.

ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്നും അത് ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമല്ലെന്നുമായിരുന്നു പാക് വാദം. 80 ലക്ഷത്തോളം കാശ്മീരികള്‍ സൈന്യത്തിന്റെ തടവറയിലാണെന്നും അവശ്യ വസ്തുക്കള്‍ക്ക് ക്ഷാമം നേരിടുകയാണെന്നും പാകിസ്ഥാന്‍ ആരോപിച്ചു. കാശ്മീര്‍ വിഷയത്തില്‍ രാജ്യാന്തര വേദികളില്‍ നിന്ന് പലതവണ തിരിച്ചടി നേരിട്ടതിന് പിന്നാലെയായിരുന്നു യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലും വിഷയം ഉന്നയിക്കാനുള്ള പാകിസ്ഥാന്റെ വിഫല ശ്രമം.

നേരത്തെ പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ കാശ്മീരിനെ ഇന്ത്യന്‍ സംസ്ഥാനമെന്നു വിശേഷിപ്പിച്ചത് പാകിസ്ഥാന്റെ അവകാശവാദങ്ങള്‍ തള്ളുന്ന നിലയിലായി. കാശ്മീരില്‍ എല്ലാം സാധാരണ നിലയിലാണെന്ന് ഇന്ത്യ പറയുന്നത് ശരിയാണെങ്കില്‍, ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കാശ്മീരിലേക്കു പോകാന്‍ അവര്‍ എന്തുകൊണ്ട് വിദേശ മാധ്യമങ്ങളെ അനുവദിക്കുന്നില്ല എന്നായിരുന്നു ഖുറേഷിയുടെ ചോദ്യം. 

എന്നാല്‍, കാശ്മീര്‍ വിഷയത്തില്‍ മനുഷ്യാവകാശ ലംഘനം ആരോപിച്ച പാകിസ്ഥാനെതിരെ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യ ചുട്ട മറുപടി നല്‍കിയിരുന്നു. പാകിസ്ഥാനെ ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമെന്ന് വിശേഷിപ്പിച്ച ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി (ഈസ്റ്റ്) വിജയ് താക്കൂര്‍ സിങ്, പാകിസ്ഥാന് മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നും പറഞ്ഞു. 

പ്രത്യേക പദവി റദ്ദാക്കിയ തീരുമാനം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അധികാര പരിധിയിലുള്ള വിഷയമാണെന്നും, സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഭീകരവാദം നേരിടാനെന്നും യോഗത്തില്‍ ഇന്ത്യ നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കി. തുടര്‍ന്നാണ് വിഷയത്തില്‍ യുഎന്‍ നിലപാട് വ്യക്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com