ആക്രമണത്തിന് കോപ്പുകൂട്ടി ഭീകരർ ; കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വ്യാപകമെന്ന് ഡിജിപി

രജൗരി, പൂഞ്ച്, ഗുരേസ്, കര്‍ണാഹ്, കേരന്‍, ഗുല്‍മാര്‍ഗ് തുടങ്ങിയ മേഖലകളിലാണ് നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി  സംസ്ഥാന ഡിജിപി  ദില്‍ബാഗ് സിങ്. രജൗരി, പൂഞ്ച്, ഗുരേസ്, കര്‍ണാഹ്, കേരന്‍, ഗുല്‍മാര്‍ഗ് തുടങ്ങിയ മേഖലകളിലാണ് നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ പൊലീസ് ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനായ ആസിഫ് മഖ്ബൂലിനെ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. 

കഴിഞ്ഞദിവസങ്ങളില്‍ വിവിധ മേഖലകളില്‍ നടന്ന കല്ലേറുകളില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായും ഡിജിപി സ്ഥിരീകരിച്ചു. കല്ലേറില്‍ ഒരു ട്രക്ക് ഡ്രൈവര്‍ കൊല്ലപ്പെട്ടു. ആ​ഗസ്റ്റ് ആറിനുണ്ടായ പ്രതിഷേധത്തിനിടെ പരിക്കേറ്റ 18-കാരന്‍ കഴിഞ്ഞ നാലാം തീയതി ആശുപത്രിയില്‍ വച്ച് മരിച്ചു.  നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി വളരെ കുറഞ്ഞ തോതില്‍ മാത്രമാണ് സേനയെ വിന്യസിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

കശ്മീരിലെ നിയന്ത്രണങ്ങളില്‍ ഓരോദിവസവും അയവുവരുത്തുന്നുണ്ട്. 90 ശതമാനം മേഖലകളിലും ഇപ്പോള്‍ നിയന്ത്രണങ്ങളില്ലെന്നും ഡിജിപി പറഞ്ഞു. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളെല്ലാം ഇപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കുന്നുണ്ട്. മൊബൈല്‍ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിലും താമസിയാതെ അയവുവരുത്തും. ജമ്മു മേഖലയിലെ രണ്ടുജില്ലകളില്‍ വോയിസ് കോള്‍ സേവനങ്ങള്‍ പുന:സ്ഥാപിച്ചു. കൂടുതല്‍ മേഖലയില്‍ വോയിസ് കോള്‍ സേവനങ്ങള്‍ പുന:സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും ഡിജിപി വ്യക്തമാക്കി. 

നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലേക്ക് വന്‍തോതില്‍ ഭീകരരെ എത്തിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് കശ്മീരിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗുല്‍മാര്‍ഗ് മേഖലയില്‍ മാത്രം നുഴഞ്ഞുകയറുന്നവരെ തുരത്താന്‍ 350-ലേറെ ഓപ്പറേഷനുകളാണ് നടത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട് രണ്ട് ലഷ്‌കര്‍ ഭീകരരെ അറസ്റ്റ് ചെയ്തതായും ലെഫ്. ജനറല്‍ കെ.ജെ.എസ്. ധില്ലണും നേരത്തെ വ്യക്തമാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com