കോടാലി പിടിച്ചു നില്‍ക്കെ കിരീടമണിയിച്ചു; തല വെട്ടുമെന്ന് ആക്രോശിച്ച് ഹരിയാന മുഖ്യമന്ത്രി (വീഡിയോ)

ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ ലാല്‍ ഘട്ടാര്‍ സഹപ്രവര്‍ത്തകനോട് കയര്‍ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു
കോടാലി പിടിച്ചു നില്‍ക്കെ കിരീടമണിയിച്ചു; തല വെട്ടുമെന്ന് ആക്രോശിച്ച് ഹരിയാന മുഖ്യമന്ത്രി (വീഡിയോ)

ചണ്ഡീഗഢ്: ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ ലാല്‍ ഘട്ടാര്‍ സഹപ്രവര്‍ത്തകനോട് കയര്‍ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ഉള്‍പ്പെടെയുള്ളവര്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതോടെ സംഭവം വിവാദമായി.

ഒരു റാലിയില്‍ കോടാലിയും കൈയിലേന്തി നില്‍ക്കുന്നതിനിടെയാണ് ഹരിയാന മുഖ്യമന്ത്രി സഹപ്രവര്‍ത്തകനോട് രൂക്ഷമായ ഭാഷയില്‍ കയര്‍ത്ത് സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. വാഹനത്തില്‍ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ അദ്ദേഹത്തിന് സ്വര്‍ണനിറമുള്ള കോടാലി കൈമാറിയിരുന്നു. തുടര്‍ന്ന് കോടാലിയും കൈയിലേന്തി പ്രസംഗം തുടരുന്നതിനിടെ പിന്നില്‍ നില്‍ക്കുകയായിരുന്ന മറ്റൊരു ബിജെപി നേതാവ് മുഖ്യമന്ത്രിയുടെ തലയില്‍ കിരീടമണിയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മുഖ്യമന്ത്രി ഇതിനെ എതിര്‍ക്കുകയും ബിജെപി നേതാവിനെ ശകാരിക്കുകയുമായിരുന്നു. 

എന്താണ് നിങ്ങള്‍ ഈ കാണിക്കുന്നതെന്നും നിങ്ങളുടെ തല വെട്ടുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. തുടര്‍ന്ന് നേതാവിനോട് മാറി നില്‍ക്കാനും ആക്രോശിച്ചു. മുഖ്യമന്ത്രിയുടെ രോഷ പ്രകടനത്തില്‍ ഭയന്ന ബിജെപി നേതാവ് അദ്ദേഹത്തോട് കൈകൂപ്പി മാപ്പപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. 

വീഡിയോ പങ്കുവെച്ച രണ്‍ദീപ് സുര്‍ജേവാല, ദേഷ്യവും അഹങ്കാരവും ആരോഗ്യത്തിന് ഹാനികരമെന്നാണ്  ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ രോഷപ്രകടനത്തെ ന്യായീകരിക്കുന്ന വിധത്തിലായിരുന്നു ഹരിയാന മുഖ്യമന്ത്രിയുടെ പ്രതികരണം. പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്റെ തലയില്‍ കിരീടമണിയിച്ചു. അത് സഹിക്കാന്‍ കഴിഞ്ഞില്ല. അധികാരത്തിലെത്തിയ ശേഷം ഇത്തരത്തിലുള്ള സംസ്‌കാരം തങ്ങള്‍ അവസാനിപ്പിച്ചതാണ്. അതുകൊണ്ടാണ് ദേഷ്യപ്പെട്ടതെന്ന് മനോഹര്‍ ലാല്‍ ഘട്ടാര്‍ വ്യക്തമാക്കി. കിരീടമണിയിച്ച വ്യക്തി ഒരു പഴയ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും അദ്ദേഹത്തിന് മോശമായി ഒന്നും തോന്നിയിട്ടുണ്ടാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

രോഷ പ്രകടനത്തിന്റെ പേരില്‍ നേരത്തെയും ഹരിയാന മുഖ്യമന്ത്രി വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. കര്‍ണാലില്‍ ഒരു പരിപാടിക്കിടെ സെല്‍ഫി എടുക്കാനെത്തിയ യുവാവിനെ മുഖ്യമന്ത്രി തള്ളിമാറ്റിയ സംഭവം ഏറെ ചര്‍ച്ചയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com