ബിജെപി നേതാവ് ചിന്മയാനന്ദിനെതിരെ വ്യക്തമായ തെളിവുകള്‍; വീഡിയോ ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലുണ്ടെന്ന് പീഡനത്തിരയായ വിദ്യാര്‍ഥിനി

ബിജെപി നേതാവ് ചിന്മയാനന്ദിനെതിരെ വ്യക്തമായ തെളിവുകള്‍; വീഡിയോ ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലുണ്ടെന്ന് പീഡനത്തിരയായ വിദ്യാര്‍ഥിനി

ബിജെപി മുന്‍ എംപിയും കേന്ദ്ര സഹമന്ത്രിയുമായിരുന്ന ചിന്മയാനന്ദിനെതിരെ ഉന്നയിച്ച ആരോപങ്ങള്‍ക്ക് വ്യക്തമായ തെളിവുകളുണ്ടെന്നു പീഡനത്തിന് ഇരയായ വിദ്യാര്‍ഥിനി

ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപിയും കേന്ദ്ര സഹമന്ത്രിയുമായിരുന്ന ചിന്മയാനന്ദിനെതിരെ ഉന്നയിച്ച ആരോപങ്ങള്‍ക്ക് വ്യക്തമായ തെളിവുകളുണ്ടെന്നു പീഡനത്തിന് ഇരയായ വിദ്യാര്‍ഥിനി. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കു തെളിവായി വീഡിയോ ദൃശ്യങ്ങള്‍ പെന്‍െ്രെഡവിലുണ്ടെന്നും തന്റെ സുഹൃത്ത് അതു പൊലീസിനു കൈമാറിയിട്ടുണ്ടെന്നും വിദ്യാര്‍ഥിനി പറഞ്ഞു. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണു ദൃശ്യങ്ങള്‍ കൈമാറിയത്. വിദ്യാര്‍ഥിനിയെ 15 മണിക്കൂറിലേറെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. 

വാജ്‌പേയ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ചിന്മായാനന്ദ് (72) വീഡിയോ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം പീഡിപ്പിച്ചെന്നു 23കാരിയായ വിദ്യാര്‍ഥിനി വ്യക്തമാക്കി. തന്റെ കണ്ണടയില്‍ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ച് ചിന്മയാനന്ദിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നു വിദ്യാര്‍ഥിനി പറഞ്ഞു.

ലോ കോളജില്‍ പ്രവേശനം ലഭിക്കുന്നതിനാണ് ചിന്മയാനന്ദിനെ കാണാന്‍ പോയത്. സ്വാമി ചിന്മയാനന്ദ് ആണ് കോളജ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രസിഡന്റ്. പ്രവേശനം ലഭിച്ചതു കൂടാതെ കോളജ് ലൈബ്രറില്‍ ജോലി നല്‍കുകയും താമസം ഹോസ്റ്റലിലേക്കു മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കു ശേഷം ചിന്മായാനന്ദ് വിളിപ്പിക്കുകയും താന്‍ കുളിക്കുന്ന വീഡിയോ ദൃശ്യം കാട്ടിത്തരുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. 

ഒടുവില്‍ ചിന്മായാനന്ദിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ താന്‍ തീരുമാനിച്ചു. ഇതിനായി കണ്ണടയില്‍ ക്യാമറ ഘടിപ്പിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥിനി വ്യക്തമാക്കി.

ഒരു രാഷ്ട്രീയ നേതാവ് തന്റെ കോളജില്‍ വിദ്യാര്‍ഥിനികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ചിന്മയാനന്ദിന്റെ പേര് വെളിപ്പെടുത്താതെ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ ഓഗസ്റ്റില്‍ ആരോപണമുന്നയിച്ചതിനു പിന്നാലെ വിദ്യാര്‍ഥിനിയെ കാണാതായിരുന്നു. പെണ്‍കുട്ടിയെ കാണാതായതോടെ പ്രതിഷേധമുയര്‍ന്നെങ്കിലും മൂന്നു ദിവസത്തിനു ശേഷം മാതാപിതാക്കള്‍ പരാതി നല്‍കിയതോടെയാണ് ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തത്.

ആറു ദിവസത്തിനു ശേഷം രാജസ്ഥാനില്‍ നിന്നാണ് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്. തുടര്‍ന്ന് സുപ്രീം കോടതിയില്‍ ഹാജരാക്കുകയും വിദ്യാര്‍ഥിനിയുടെ ആരോപണങ്ങള്‍ കേട്ട കോടതി, സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. ചിന്മായാനന്ദിനെ ചോദ്യം ചെയ്യുകയോ കുറ്റം ചുമത്തുകയോ ചെയ്യത്തതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ചിന്മായാനന്ദിനെതിരെ പീഡനക്കുറ്റം ആരോപിച്ച് വിദ്യാര്‍ഥിനി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തെളിവുകള്‍ തേടി ചൊവ്വാഴ്ച അന്വേഷണ സംഘം ഹോസ്റ്റിലില്‍ പരിശോധന നടത്തുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com