കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥന്റെ കാറില്‍ പോത്തിനെ കെട്ടിയിട്ടു; വേറിട്ട പ്രതിഷേധവുമായി യുവകര്‍ഷകന്‍

കര്‍ഷകന്‍ ഏഴ് മാസം മുന്‍പ് നല്‍കിയ അപേക്ഷ പരിഗണിക്കാന്‍ 25,000 രൂപയായിരുന്നു തഹസില്‍ദാര്‍ ആവശ്യപ്പെട്ടത്.
കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥന്റെ കാറില്‍ പോത്തിനെ കെട്ടിയിട്ടു; വേറിട്ട പ്രതിഷേധവുമായി യുവകര്‍ഷകന്‍

ഭോപ്പാല്‍: കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെതിരെ കര്‍ഷകന്റെ വേറിട്ട പ്രതിഷേധം. കുടുംബസ്വത്ത് ഭാഗംവെക്കുന്നതിന് നടപടിക്രമം പൂര്‍ത്തിയാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട തഹസില്‍ദാറിന്റെ കാറില്‍ തന്റെ പോത്തിനെ കെട്ടിയിട്ടാണ് കര്‍ഷകന്‍ പ്രതിഷേധിച്ചത്. മധ്യപ്രദേശിലെ സിരോഞ്ജ് താലൂക്കിലാണ് സംഭവം.

കര്‍ഷകന്‍ ഏഴ് മാസം മുന്‍പ് നല്‍കിയ അപേക്ഷ പരിഗണിക്കാന്‍ 25,000 രൂപയായിരുന്നു തഹസില്‍ദാര്‍ ആവശ്യപ്പെട്ടത്. ഇതില്‍ പ്രകോപിതനായ യുവ കര്‍ഷകന്‍  തഹസില്‍ദാറിന്റെ കാറില്‍ തന്റെ പോത്തിനെ കെട്ടിയിടുകയായിരുന്നു. ഭൂപത് രഘുവംശി എന്ന കര്‍ഷകനാണ് ഈ വിധത്തില്‍ പ്രതിഷേധിച്ചത്. 

കുടുംബസ്വത്തായ ഭൂമി തന്റെയും പിതാവിന്റേയും പേരില്‍ വീതിച്ചു നല്‍കുന്നതിന് ആവശ്യമായ രേഖകളുള്‍പ്പെടെയാണ് അദ്ദേഹം അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ ഏഴ് മാസം താലൂക്ക് ഓഫീസില്‍ കയറിയിറങ്ങിയിട്ടും കാര്യം നടന്നില്ല. തുടര്‍ന്ന് വന്‍തുക കൈക്കൂലിയായി ആവശ്യപ്പെടുകയും കൂടി ചെയ്തതോടെ തനിക്ക് വേറെ വഴിയില്ലാതായി എന്നാണ് ഭൂപത് മാധ്യമങ്ങളോട് പറഞ്ഞത്.  

എന്നാല്‍ തഹസില്‍ദാര്‍ സിദ്ധാന്ത് സിങ് സിംഗ്ല ഇക്കാര്യങ്ങള്‍ നിഷേധിച്ചു. കീഴുദ്യോഗസ്ഥരുടെ അനാസ്ഥയാണ് നടപടി ക്രമങ്ങള്‍ വൈകിപ്പിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. സാധാരണ ഇത്തരം വിഷയങ്ങളില്‍ മൂന്ന് മാസത്തിനുള്ളില്‍ അപേക്ഷകളില്‍ നടപടിയുണ്ടാകാറുണ്ടെന്നും തഹസില്‍ദാര്‍ പറയുന്നു. 

അതേസമയം ഭൂപതിന്റെ കാര്യം വാര്‍ത്തയായതോടെ അടിയന്തരനടപടിയെടുക്കാന്‍ മുഖ്യമന്ത്രി കമല്‍നാഥ് ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തഹസില്‍ദാറെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. സംഭവത്തില്‍ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com