പ്രേരകും പ്രചാരകും തമ്മില്‍ തെറ്റിയാലോ!; 'കോര്‍ഡിനേറ്റര്‍മാര്‍' എന്ന് മതിയെന്ന് സോണിയ

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആര്‍എസ്എസ് മാതൃകയില്‍ പ്രേരകുമാരെ രാജ്യമൊട്ടാകെ നിയോഗിക്കാനുളള നിര്‍ദേശം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തളളിയതായി റിപ്പോര്‍ട്ടുകള്‍
പ്രേരകും പ്രചാരകും തമ്മില്‍ തെറ്റിയാലോ!; 'കോര്‍ഡിനേറ്റര്‍മാര്‍' എന്ന് മതിയെന്ന് സോണിയ

ന്യൂഡല്‍ഹി: പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആര്‍എസ്എസ് മാതൃകയില്‍ പ്രേരകുമാരെ രാജ്യമൊട്ടാകെ നിയോഗിക്കാനുളള നിര്‍ദേശം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തളളിയതായി റിപ്പോര്‍ട്ടുകള്‍. ആര്‍എസ്എസിന്റെ പ്രചാരക് എന്ന വാക്കിനോടുളള സാദൃശ്യം ചൂണ്ടിക്കാണിച്ച് ഒരു വിഭാഗം നേതാക്കള്‍ എതിര്‍പ്പ് ഉന്നയിച്ച പശ്ചാത്തലത്തിലാണ് സോണിയ ഗാന്ധി പ്രേരക് എന്ന നിര്‍ദേശം തളളിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

കഴിഞ്ഞദിവസം ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് പഴയ മാതൃകയില്‍ പരിശീലകരെ നിയോഗിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പരിശീലനത്തിന് പുറമേ പുതിയ കാല വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പ്രചാരണവും മെച്ചപ്പെടുത്തി പാര്‍ട്ടി സംവിധാനം ഉടച്ചുവാര്‍ക്കണമെന്ന ആവശ്യമാണ് മുഖ്യമായി ഉയര്‍ന്നത്. പാര്‍ട്ടിയുടെ ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയും വിധമുളള പ്രചാരണ സംവിധാനത്തിന് രൂപം നല്‍കണമെന്നതായിരുന്നു നിര്‍ദേശം. ജനറല്‍ സെക്രട്ടറിമാരും, പിസിസി അധ്യക്ഷന്മാരും ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നുവന്നത്.

എന്നാല്‍ ഈ നിര്‍ദേശം ഉയര്‍ന്നുവന്ന് ഉടന്‍ തന്നെ ഒരു വിഭാഗം നേതാക്കള്‍ എതിര്‍പ്പ് ഉന്നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മുകുള്‍ വാസ്‌നിക് ഉള്‍പ്പെടെയുളള നേതാക്കളാണ് മുഖ്യമായി എതിര്‍പ്പ് ഉന്നയിച്ചത്. നിലവിലുളള പരിശീലകന്‍ എന്ന അര്‍ത്ഥമുളള ട്രെയിനര്‍- കോര്‍ഡിനേറ്റര്‍ എന്ന പദത്തിന് പകരമായി പ്രേരക് എന്ന വാക്ക് ഉപയോഗിക്കുന്നതിലാണ് എതിര്‍പ്പ് ഉയര്‍ന്നത്. ഇതിന് ആര്‍എസ്എസിന്റെ പ്രചാരകുമായുളള സാമ്യം ചൂണ്ടിക്കാണിച്ചായിരുന്നു ഇവരുടെ എതിര്‍പ്പ്. പ്രചാരകര്‍ എന്ന ചട്ടക്കൂടിലാണ് ആര്‍എസ്എസ് സംവിധാനം.

വാസ്‌നികിന്റേത് ഉള്‍പ്പെടെയുളള നേതാക്കളുടെ എതിര്‍പ്പ് ഉള്‍ക്കൊണ്ട് പ്രേരക് എന്ന പേര് ഉപയോഗിക്കുന്നതിനുളള നിര്‍ദേശം സോണിയ ഗാന്ധി തളളിയതായാണ് റിപ്പോര്‍ട്ടുകള്‍. പകരം കോര്‍ഡിനേറ്റര്‍മാരെ ഉപയോഗിച്ച് പാര്‍ട്ടിയുടെ ആശയങ്ങള്‍ രാജ്യമൊട്ടാകെ എത്തിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com