എല്ലാത്തിനും മുകളിലാണ് മാതൃഭാഷ: അടിച്ചേല്‍പ്പിക്കല്‍ നടക്കില്ല; അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ നേതാക്കള്‍, തെരുവില്‍ പ്രതിഷേധം

രാജ്യത്ത് ഹിന്ദി ഉപയോഗിക്കുന്നത് വ്യാപകമാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് എതിരെ പ്രതിഷേധവുമായി പ്രാദേശിക ഭാഷാ  സംഘടനകളും രാഷ്ട്രീയ കക്ഷി നേതാക്കളും രംഗത്ത്
എല്ലാത്തിനും മുകളിലാണ് മാതൃഭാഷ: അടിച്ചേല്‍പ്പിക്കല്‍ നടക്കില്ല; അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ നേതാക്കള്‍, തെരുവില്‍ പ്രതിഷേധം

ചെന്നൈ:  രാജ്യത്ത് ഹിന്ദി ഉപയോഗിക്കുന്നത് വ്യാപകമാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് എതിരെ പ്രതിഷേധവുമായി പ്രാദേശിക ഭാഷാ  സംഘടനകളും രാഷ്ട്രീയ കക്ഷി നേതാക്കളും രംഗത്ത്. അമിത് ഷായുടെ പ്രസ്താവനയെ തള്ളി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. 

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം എതിര്‍ത്തുക്കൊണ്ടിരിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. അമിത് ഷായുടെ ഇന്നത്തെ പ്രസ്താവന ഞെട്ടലുണ്ടാക്കുന്നതാണ്. അത് രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കും. അദ്ദേഹം തന്റെ പ്രസ്താവന പിന്‍വലിക്കണം. പാര്‍ട്ടി എക്‌സിക്യുട്ടീവ് കമ്മിറ്റി ചേര്‍ന്ന് വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഹിന്ദി ദിനാചരണത്തിന് ആശംസകള്‍ അര്‍പ്പിച്ച്‌ക്കൊണ്ടുള്ള ട്വീറ്റിലൂടെയാണ് മമത അമിഷായുടെ വാദം തള്ളിയത്. എല്ലാ ഭാഷകളേയും സംസ്‌കാരങ്ങളേയും നാം തുല്യമായി ബഹുമാനിക്കണം. നമ്മള്‍ ഒരുപാട് ഭാഷകള്‍ പഠിച്ചേക്കാം. എന്നിരുന്നാലും മാതൃഭാഷ മറക്കരുതെന്നും മമത ട്വീറ്റ് ചെയ്തു. 

ഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയും അമിത് ഷായുടെ പ്രസ്താവനക്കെതിര രംഗത്തെത്തി. ഹിന്ദി എല്ലാവരുടേയും മാതൃഭാഷയല്ല. ഈ ദേശത്തുള്ള അനേകം മാതൃഭാഷകളുടെ വൈവിധ്യവും സൗന്ദര്യവും വിലമതിക്കാന്‍ നിങ്ങള്‍ക്ക് ശ്രമിക്കാമോയെന്നും ഒവൈസി പറഞ്ഞു. ഹിന്ദിയേക്കാളും ഹിന്ദുവിനേക്കാളും ഹിന്ദുത്വത്തിനേക്കാളും വലുതാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

വൈവിധ്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അമിത് ഷായുടെ പ്രസ്താവനയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യയും ജെഡിഎസിന്റെ എച്ച്ഡി കുമാരസ്വാമിയും അമിത് ഷായെ വിമര്‍ശിച്ച് രംഗത്തെത്തി. 

ഭാഷകള്‍ അറിവിന്റെ അടിസ്ഥാനങ്ങളാണന്നും അവ പകര്‍ന്നുകൊടുക്കേണ്ടത് സ്‌നേഹത്തോടെയാണെന്നും അല്ലാതെ അടിച്ചേല്‍പ്പിക്കുകയല്ല വേണ്ടതെന്നും സിദ്ധരാമയ്യ പറഞ്ഞു. തങ്ങള്‍ ഹിന്ദിക്ക് എതിരല്ലെന്നും എതിര്‍ക്കുന്നത് ഹിന്ദിയുടെ നിര്‍ബന്ധിത അടിച്ചേല്‍പ്പിക്കലിനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 
അമിത് ഷായുടെ പ്രസ്താവനയ്ക്ക് എതിരെ കന്നട ഭാഷകളുടെ സംഘടനകളുടെ നേതൃത്വത്തില്‍ ബെംഗളൂരുവില്‍ പ്രതിഷേധ പ്രകടനങ്ങളും നടന്നു. 

ഹിന്ദി ദിവസ് ആഘോഷത്തിന് എതിരെ കന്നട ഭാഷാസംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നിന്ന്‌
 

ലോകത്തിന് മുന്നില്‍ രാജ്യത്തെ അടയാളപ്പെടുത്താന്‍  പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ ട്വീറ്റ്. ഇന്ത്യയെ മുഴുവന്‍ ഒരുമിച്ച് നിര്‍ത്താനാവുക ഹിന്ദിക്കാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ട്വിറ്ററിലൂടെയായിരുന്നു അമിത് ഷായുടെ പ്രസ്താവന.

വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്ക് ഇന്ത്യയെ ഐക്യപ്പെടുത്താന്‍ കഴിയും. ഹിന്ദി പ്രാഥമിക ഭാഷയാക്കി മാറ്റണം. ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഒരു ഭാഷ അത്യാവശ്യമാണ്. നിരവധി ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ. എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രധാന്യമുണ്ട്. എന്നാലും ലോകത്ത് ഇന്ത്യയുടെ സ്വത്വമായി മാറേണ്ട ഒരു ഭാഷയുണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു ഭാഷയ്ക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയാണെന്നും അദ്ദേഹം കുറിച്ചു. 

 ഹിന്ദി വ്യാപകമായി ഉപയോഗിക്കണമെന്ന് രാജ്യത്തെ എല്ലാ പൗരന്‍മാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മഹാത്മാ ഗാന്ധിയുടെയും ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ പട്ടേലിന്റേയും സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗം കൂടിയാണതെന്നും ഷാ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com