ഏകസിവില്‍ കോഡിന് ശ്രമിക്കാത്തത് എന്ത്?; ചോദ്യവുമായി സുപ്രീം കോടതി

രാജ്യത്ത് ഏകീകൃത വ്യക്തി നിയമം നടപ്പാക്കുന്നതിനെ പലവട്ടം അനുകൂലിച്ചിട്ടും ഇതിനായി ഒരു ശ്രമവും നടക്കുന്നില്ലെന്നു സുപ്രീം കോടതി
ഏകസിവില്‍ കോഡിന് ശ്രമിക്കാത്തത് എന്ത്?; ചോദ്യവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത വ്യക്തി നിയമം നടപ്പാക്കുന്നതിനെ പലവട്ടം അനുകൂലിച്ചിട്ടും ഇതിനായി ഒരു ശ്രമവും നടക്കുന്നില്ലെന്നു സുപ്രീം കോടതി. ഏകീകൃത നിയമം നടപ്പാക്കിയ ഗോവ ഇക്കാര്യത്തില്‍ മാതൃകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗോവ നിവാസികളുടെ പിന്തുടര്‍ച്ചാവകാശവും ദായക്രമവും നിര്‍ണയിക്കുന്ന 1867 ലെ പോര്‍ച്ചുഗീസ് വ്യക്തി നിയമവുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുള്‍പ്പെട്ട ബഞ്ചിന്റെ പരാമര്‍ശം.

രാജ്യമെങ്ങും ഏകീകൃത വ്യക്തി നിയമം ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്കു ചുമതലയുണ്ടെന്ന് ഭരണഘടനയുടെ  44 ാം വകുപ്പില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിനായി ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നത്  ആശ്ചര്യകരമാണ്. ഹിന്ദു നിയമങ്ങള്‍ 1956 ല്‍ ക്രോഡീകരിച്ചെങ്കിലും രാജ്യമെങ്ങും ഏക നിയമം ഇതുവരെ ഉണ്ടായിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

ഗോവന്‍ നിവാസികളുടെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വസ്തുവകകളുടെ പിന്തുടര്‍ച്ചാവകാശം സംബന്ധിച്ച പ്രത്യേക നിയമമായ പോര്‍ച്ചുഗീസ് വ്യക്തി നിയമം, ഇന്ത്യന്‍ നിയമമോ രാജ്യാന്തര നിയമമോ എന്ന വിഷയമാണ് കോടതി പരിശോധിച്ചത്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും പാര്‍ലമെന്റില്‍ പാസാക്കുകയും ചെയ്തതിനാല്‍ ഈ നിയമം ഗോവയില്‍ നിലനില്‍ക്കുമെന്ന് കോടതി തീര്‍പ്പു കല്‍പ്പിച്ചു. നിയമം വിദേശത്തു നിന്നു വന്നതാണെങ്കിലും ഇന്ത്യന്‍ നിയമമായി മാറിക്കഴിഞ്ഞു. ഇനി അതു വിദേശ നിയമമല്ല. - കോടതി വ്യക്തമാക്കി.

സംസ്ഥാനത്തിനു പുറത്തു സ്ഥിരതാമസക്കാരായ ഗോവന്‍ നിവാസികളുടെ പിന്തുടര്‍ച്ചാവകാശത്തിന് പോര്‍ച്ചുഗീസ് വ്യക്തിനിയമം മാനദണ്ഡമാക്കാമോ എന്ന പ്രശ്‌നവും കോടതി പരിശോധിച്ചു. 'ഗോവന്‍ പൗരന്മാര്‍ എന്നൊരു വിഭാഗമില്ല, എല്ലാവരും ഇന്ത്യന്‍ പൗരന്മാരാണ്. അതിനാല്‍, രാജ്യത്തു നിലനില്‍ക്കുന്ന നിയമം അനുസരിച്ചു ഗോവക്കാര്‍ക്ക് എവിടെയും വസ്തു വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാം'– കോടതി വിധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com