തെറ്റുപറ്റാത്തവരായി ആരുമില്ല; ഐന്‍സ്റ്റീന്‍ പരാമര്‍ശത്തെ ന്യായീകരിച്ച് പീയൂഷ് ഗോയല്‍

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആണ് ഗുരുത്വാകര്‍ഷണം കണ്ടെത്തിയതെന്ന പ്രസ്താവനയുടെ പേരില്‍ ട്രോളുകള്‍ക്കിരയായതിനു പിന്നാലെ തനിക്കുപറ്റിയ അബദ്ധം സമ്മതിച്ച് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍
തെറ്റുപറ്റാത്തവരായി ആരുമില്ല; ഐന്‍സ്റ്റീന്‍ പരാമര്‍ശത്തെ ന്യായീകരിച്ച് പീയൂഷ് ഗോയല്‍


ന്യൂഡല്‍ഹി: ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആണ് ഗുരുത്വാകര്‍ഷണം കണ്ടെത്തിയതെന്ന പ്രസ്താവനയുടെ പേരില്‍ ട്രോളുകള്‍ക്കിരയായതിനു പിന്നാലെ തനിക്കുപറ്റിയ അബദ്ധം സമ്മതിച്ച് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. ഐന്‍സ്റ്റീന്റെ പേരില്‍ സംഭവിച്ച തെറ്റിനെ ഐന്‍സ്റ്റീന്റെതന്നെ വാചകങ്ങള്‍ ഉപയോഗിച്ചാണ് മന്ത്രി ന്യായീകരിച്ചത്. മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു തന്റെ പ്രസ്താവന സംബന്ധിച്ച് അദ്ദേഹം വിശദീകരണം നല്‍കിയത്. 

''നമ്മളെല്ലാവരും തെറ്റുകള്‍ വരുത്തുന്നവരാണ്. ന്യൂട്ടണ്‍ എന്നതിനു പകരം ഐന്‍സസ്റ്റീന്‍ എന്നാണ് ഞാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍, 'ഒരിക്കലും തെറ്റു വരുത്താത്ത ഒരാള്‍ ഒരിക്കലും പുതുതായി ഒന്നും ചെയ്യാന്‍ ശ്രമിക്കുന്നില്ല' എന്ന് ഇതേ ഐന്‍സ്റ്റീന്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്''- അദ്ദേഹം പറഞ്ഞു.

തെറ്റുകള്‍ വരുത്തുന്നതിനെ പേടിക്കുന്ന ഒരാളല്ല താന്‍. തെറ്റ് മനസ്സിലാക്കിയ നിമിഷംതന്നെ അതില്‍ വ്യക്തത വരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി സര്‍ക്കാരിന്റെ സാമ്പത്തിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് ഐന്‍സ്റ്റീനാണ് ഗുരുത്വാകര്‍ഷണ സിദ്ധാന്തം കണ്ടെത്തിയതെന്ന് മന്ത്രി പറഞ്ഞത്. സാമ്പത്തിക രംഗത്തെക്കുറിച്ച് ടെലിവിഷനില്‍ കാണുന്ന കണക്കുകള്‍ വിശ്വസിക്കരുതെന്നും, കണക്ക് കൂട്ടിക്കൊണ്ടിരുന്നെങ്കില്‍ ഐന്‍സ്റ്റീന്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കില്ലായിരുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കിയിരുന്നു.

തന്റെ പ്രസ്താവന സംബന്ധിച്ച് വിശദീകരണവുമായി പിന്നീട് പിയൂഷ് ഗോയല്‍ രംഗത്തെത്തിയിരുന്നു. പ്രത്യേക സാഹചര്യത്തിലാണ് അത്തരമൊരു പ്രസ്താവന നടത്തിയതെന്നും, എന്നാല്‍ ചിലര്‍ അതിനെ സാഹചര്യത്തില്‍നിന്ന് അടര്‍ത്തി മാറ്റി ഒരു വരി മാത്രമെടുത്ത് അനാവശ്യമായ വാര്‍ത്തകള്‍ സൃഷ്ടിക്കുകയായിരുന്നെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com