കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി സോണിയ ; വിവര ശേഖരണം തുടങ്ങി ; ഗ്രൂപ്പ് പോരില്‍ കടുത്ത നടപടി

കോണ്‍ഗ്രസ് പുനഃസംഘടനയുടെ ഭാഗമായി സോണിയ സംസ്ഥാന നേതാക്കളില്‍ നിന്നും വിവരശേഖരണം ആരംഭിച്ചു
കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി സോണിയ ; വിവര ശേഖരണം തുടങ്ങി ; ഗ്രൂപ്പ് പോരില്‍ കടുത്ത നടപടി

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് സംഘടനയില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി പ്രസിഡന്റ് സോണിയാഗാന്ധി. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക ലക്ഷ്യമിട്ട് സംഘടന തലത്തില്‍ വന്‍ അഴിച്ചുപണിക്കാണ് സോണിയ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം നടത്താനിരിക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ ഊര്‍ജ്ജസ്വലമാക്കാനാണ് സോണിയ പദ്ധതിയിടുന്നത്.

പാര്‍ട്ടിയോടുള്ള കൂറും വിധേയത്വവുമായിരിക്കും പദവികള്‍ നല്‍കുന്നതില്‍ മുഖ്യ മാനദണ്ഡമാക്കുക. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം വീണ്ടെടുക്കുന്നതിനാണ് സോണിയ മുന്‍ഗണന നല്‍കുന്നത്. കോണ്‍ഗ്രസ് സംഘടനാപരമായി ശക്തമായിരുന്ന പല സംസ്ഥാനങ്ങളിലും നേതാക്കള്‍ പരസ്പരം പോരടിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ കണിശമായ തീരുമാനത്തിലേക്ക് സോണിയ പോകുന്നതായും സൂചനയുണ്ട്. 

കോണ്‍ഗ്രസ് പുനഃസംഘടനയുടെ ഭാഗമായി സോണിയ സംസ്ഥാന നേതാക്കളില്‍ നിന്നും വിവരശേഖരണം ആരംഭിച്ചു. 2004 മുതലുള്ള കോണ്‍ഗ്രസിന്റെ ലോക്‌സഭ, രാജ്യസഭ എംപിമാരുടെ പേരുവിവരങ്ങള്‍ സോണിയ ചോദിച്ചിട്ടുണ്ട്. ഇവരില്‍ ആരൊക്കെ ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നുണ്ട് എന്നു വ്യക്തമാക്കാനും സംസ്ഥാന നേതൃത്വങ്ങളോട് സോണിയ ആവശ്യപ്പെട്ടിട്ടുണ്ട്. 

പാര്‍ട്ടി എംപിമാരുടെ മുഴുവന്‍ വിശദാംശങ്ങളും ഉടന്‍ ലഭ്യമാക്കണമെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയോട് കൂറുള്ളതും അതേസമയം, പാര്‍ട്ടിക്ക് വേണ്ടി ഫണ്ട് കണ്ടെത്താന്‍ ശേഷിയുമുള്ള നേതാക്കളെ നിയമിക്കാനാണ് സോണിയ ലക്ഷ്യമിടുന്നത്. 

ഹരിയാനയില്‍ തമ്മിലടി രൂക്ഷമായതിനെ തുടര്‍ന്ന് പിസിസി അധ്യക്ഷന്‍ അശോക് തന്‍വറിനെ മാറ്റി, കുമാരി ഷെല്‍ജയെ നിയമിച്ചിരുന്നു. അടുത്തു തന്നെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയെ നിയമിക്കുകയും ചെയ്തു. തന്‍വറിനെ മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന ഭീഷണി മുഴക്കി നില്‍ക്കുകയായിരുന്നു ഹൂഡ. 

മഹാരാഷ്ട്രയില്‍ മിലിന്ദ് ദിയോറയ്ക്ക് പകരം മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഗെയ്ക്ക് വാദിനെ പിസിസി അധ്യക്ഷനായി നിയമിച്ചു. രാഹുലിന്റെ അടുത്തയാളായ ദിയോറയെ ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറ്റിയിട്ടുണ്ട്. പകരം ദിയോറയ്ക്ക് പാര്‍ട്ടിയില്‍ മികച്ച പദവി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മധ്യപ്രദേശ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പുതിയ പിസിസി അധ്യക്ഷന്മാരെ ഉടന്‍ നിയമിച്ചേക്കും. കൂടാതെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി തലത്തിലും വന്‍ അഴിച്ചുപണി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com