'കന്നഡ വിട്ട് ഒരു കളിയുമില്ല' ; അമിത് ഷായെ തള്ളി യെദ്യൂരപ്പ

കന്നഡയുടെ പ്രാധാന്യം കുറച്ചുകൊണ്ടുള്ള ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് യെദ്യൂരപ്പ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടുവച്ച ഒരു രാഷ്ട്രം ഒരു ഭാഷ വാദത്തെ തള്ളി കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ. കന്നഡയുടെ പ്രാധാന്യം കുറച്ചുകൊണ്ടുള്ള ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് യെദ്യൂരപ്പ ട്വീറ്റില്‍ പറഞ്ഞു.

രാജ്യത്തെ ഒന്നിപ്പിക്കുന്ന ഭാഷ വേണമെന്നും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷ എന്ന നിലയില്‍ ഹിന്ദിക്ക് അതിനു കഴിയുമെന്നുമാണ് അമിത് ഷാ അഭിപ്രായപ്പെട്ടത്. ഹിന്ദി ദിവസ് ആചരണ വേളയിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം. രാജ്യത്തെ ഒന്നിപ്പിക്കുന്ന ഭാഷ എന്ന നിലയില്‍ ഹിന്ദി കൂടുതലായി ഉപയോഗിക്കണമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെതിരെ ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കര്‍ണാടകത്തില്‍ വിവിധ സംഘടനകള്‍ വിമര്‍ശനവുമായി തെരുവില്‍ ഇറങ്ങിയതിനു പിന്നാലെയാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവു കൂടിയായ മുഖ്യമന്ത്രിതന്നെ അമിത് ഷായെ തള്ളി രംഗത്തുവന്നത്.

രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകളും തുല്യമാണെന്ന് യെദ്യൂരപ്പ ട്വീറ്റ് ചെയ്തു. കര്‍ണാടകയെ സംബന്ധിച്ച് കന്നഡയാണ് പ്രധാന ഭാഷ. അതിന്റെ പ്രാധാന്യം കുറച്ചുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിനും നമ്മള്‍ തയാറല്ല. കന്നഡയും സംസ്ഥാനത്തിന്റെ സംസ്‌കാരവും പ്രോത്സാഹിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അമിത് ഷായുടെ നിര്‍ദേശത്തെ എതിര്‍ത്തു രംഗത്തുവന്നിരുന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലും പ്രതിഷേധമുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com