കശ്മീരില്‍ സുപ്രീം കോടതി ഇടപെടല്‍; ഹൈക്കോടതി ചീഫ് ജസ്റ്റിസില്‍നിന്നു റിപ്പോര്‍ട്ട് തേടി; വേണ്ടിവന്നാല്‍ കശ്മീരിലേക്കെന്ന് രഞ്ജന്‍ ഗൊഗോയ്

ആസാദിനു കശ്മീര്‍ സന്ദര്‍ശിക്കാമെന്നും ജനങ്ങളുമായി ആശയ വിനിയമം നടത്താമെന്നും കോടതി ഉത്തരവിട്ടു. അതേസമയം രാഷ്ട്രീയ പരിപാടികള്‍ സംഘടിപ്പിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കി.
കശ്മീരില്‍ സുപ്രീം കോടതി ഇടപെടല്‍; ഹൈക്കോടതി ചീഫ് ജസ്റ്റിസില്‍നിന്നു റിപ്പോര്‍ട്ട് തേടി; വേണ്ടിവന്നാല്‍ കശ്മീരിലേക്കെന്ന് രഞ്ജന്‍ ഗൊഗോയ്

ന്യൂഡല്‍ഹി: കശ്മീരിലെ നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കാന്‍ പരാതിക്കാര്‍ക്കു സാധിക്കാത്ത സാഹചര്യമുണ്ടോയെന്ന് അറിയിക്കാന്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിത്തലുമായി നേരിട്ടു സംസാരിക്കുമെന്നും വേണ്ടിവന്നാല്‍ കശ്മീരില്‍ സന്ദര്‍ശനം നടത്തുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.

ജമ്മു കശ്മീരിലെ കുട്ടികള്‍ നേരിട്ടുന്ന പ്രശ്‌നം ഉയര്‍ത്തിയുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ അസാധാരണ ഇടപെടല്‍. കശ്മീരില്‍ കുട്ടികളെ അനധികൃതമായി കസ്റ്റഡിയില്‍ എടുക്കുകയാണെന്നും ചിലര്‍ക്കു മര്‍ദനം ഏല്‍ക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാത്തത് എന്തുകൊണ്ടെന്ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആരാഞ്ഞു. കടുത്ത നിയന്ത്രണങ്ങളുള്ള കശ്മീരില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ പ്രയാസമാണെന്ന് സീനിയര്‍ അഭിഭാഷകന്‍ ഹുസേഫ അഹമ്മദി കോടതിയെ അറിയിച്ചു.

തുടര്‍ന്നു നടപടികള്‍ നിര്‍ത്തിവച്ച സുപ്രീം കോടതി ഹൈക്കോടതി ചീഫ് ജസ്റ്റിസില്‍നിന്ന് റിപ്പോര്‍ട്ട് തേടുകയായിരുന്നു. ഹൈക്കോടതിയെ സമീപിക്കാന്‍ ജനങ്ങള്‍ക്കാവുന്നില്ല എന്നത് ഗുരുതരമായ സാഹചര്യമാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റിപ്പോര്‍ട്ട് മറിച്ചാണെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് അഭിഭാഷകന് കോടതി മുന്നറിയിപ്പു നല്‍കി.

മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല തടങ്കലിലാണെന്നു ചൂണ്ടിക്കാട്ടി എംഡിഎംകെ നേതാവ് വൈകോ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നോട്ടീസ് അയച്ചു. കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി അനുവദിച്ചു. ആസാദിനു കശ്മീര്‍ സന്ദര്‍ശിക്കാമെന്നും ജനങ്ങളുമായി ആശയ വിനിയമം നടത്താമെന്നും കോടതി ഉത്തരവിട്ടു. അതേസമയം രാഷ്ട്രീയ പരിപാടികള്‍ സംഘടിപ്പിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കി.

കശ്മീരില്‍ സാധാരണ ജീവിതം എത്രയും വേഗം പുനസ്ഥാപിക്കാന്‍, മാധ്യമങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതു ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ക്കു നിയന്ത്രണം ഇല്ലെന്നും പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും എജി കോടതിയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com