കോണ്‍ഗ്രസിന് ലഭിച്ച സംഭാവനയില്‍ അഞ്ചിരട്ടി വര്‍ധന; കണക്കുകള്‍ സമര്‍പ്പിക്കാതെ ബിജെപി 

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച പാര്‍ട്ടി സംഭാവനയില്‍ ഗണ്യമായ വര്‍ധന
കോണ്‍ഗ്രസിന് ലഭിച്ച സംഭാവനയില്‍ അഞ്ചിരട്ടി വര്‍ധന; കണക്കുകള്‍ സമര്‍പ്പിക്കാതെ ബിജെപി 

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച പാര്‍ട്ടി സംഭാവനയില്‍ ഗണ്യമായ വര്‍ധന. തൊട്ടുമുന്‍പത്തെ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് സംഭാവനയില്‍ അഞ്ചുമടങ്ങിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.അതേസമയം ബിജെപി ഇതുവരെ സംഭാവനയുടെ കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

146 കോടി രൂപയാണ് 2018-19 സാമ്പത്തിക വര്‍ഷം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ലഭിച്ച സംഭാവന. തൊട്ടുമുന്‍പത്തെ വര്‍ഷത്തില്‍ കേവലം 26 കോടി രൂപ മാത്രം ലഭിച്ചിരുന്ന സ്ഥാനത്താണ് ഈ ഗണ്യമായ വര്‍ധന. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുന്നത്.

ഇലക്ട്രല്‍ ബോണ്ടായി ഒരു സംഭാവനയും കോണ്‍ഗ്രസിന് ലഭിച്ചില്ലെങ്കിലും ഇലക്ട്രല്‍ ട്രസ്റ്റായി 98 കോടി രൂപ ലഭിച്ചു. ഇലക്ട്രല്‍ ട്രസ്റ്റ് എന്ന നിലയില്‍ ടാറ്റാ ഗ്രൂപ്പിന്റെ പ്രോഗ്രസ്സീവ് ഇലക്ട്രല്‍ ട്രസ്റ്റാണ് ഏറ്റവുമധികം സംഭാവന നല്‍കിയിരിക്കുന്നത്. 55 കോടി രൂപ. ഭാരതി എയര്‍ടെലും ഡിഎല്‍എഫും സംയുക്തമായി പിന്തുണയ്ക്കുന്ന പ്രൂഡന്റ് ഇലക്ട്രല്‍ ട്രസ്റ്റാണ് തൊട്ടുപിന്നില്‍. 39 കോടിയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇവര്‍ സംഭാവനയായി നല്‍കിയത്. 

ബംഗളൂരുവില്‍ നിന്നുളള ഫൗസിയ ഖാനാണ് വ്യക്തിഗത സംഭാവനയില്‍ മുന്‍പില്‍. 4.4 കോടി രൂപയാണ് ഇവരുടെ സംഭാവന. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എച്ച് എ ഇഖ്ബാല്‍ ഹുസൈനാണ് തൊട്ടുപിന്നില്‍. 3 കോടി രൂപ. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും 54000 രൂപ വീതം സംഭാവനയായി നല്‍കി. 

2018-19 സാമ്പത്തികവര്‍ഷത്തെ കണക്കുകള്‍ ബിജെപി ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. 2017-18ല്‍ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 1027 കോടി രൂപയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com