'പെണ്‍കുട്ടികളുടെ തുടകള്‍ ആണ്‍കുട്ടികളെ ആകര്‍ഷിക്കുന്നു' ; വസ്ത്രത്തിന്  മുട്ടിനു താഴെ ഇറക്കമില്ലെങ്കില്‍ പ്രവേശനമില്ല ; ഡ്രസ് കോഡുമായി കോളേജ് അധികൃതര്‍ ; പരിശോധനയ്ക്ക് സെക്യൂരിറ്റി, പ്രതിഷേധം

വസ്ത്രത്തിന്റെ ഇറക്കം അളന്ന് കുട്ടികളെ കോളേജിന് അകത്തേക്ക് കടത്തിവിടാന്‍ അധികൃതര്‍, സെക്യൂരിറ്റി ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്
'പെണ്‍കുട്ടികളുടെ തുടകള്‍ ആണ്‍കുട്ടികളെ ആകര്‍ഷിക്കുന്നു' ; വസ്ത്രത്തിന്  മുട്ടിനു താഴെ ഇറക്കമില്ലെങ്കില്‍ പ്രവേശനമില്ല ; ഡ്രസ് കോഡുമായി കോളേജ് അധികൃതര്‍ ; പരിശോധനയ്ക്ക് സെക്യൂരിറ്റി, പ്രതിഷേധം

ഹൈദരാബാദ് : മുട്ടിന് താഴെ ഇറക്കമില്ലാത്ത വസ്ത്രം ധരിച്ചെത്തിയാല്‍ ഇനി കോളേജില്‍ കയറാനാകില്ല. ഹൈദരാബാദിലെ സെന്റ് ഫ്രാന്‍സിസ് കോളേജാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പുതിയ ഡ്രസ് കോഡ് നിര്‍ദേശിച്ചിരിക്കുന്നത്. മുട്ടിന് താഴെ ഇറക്കമില്ലാത്ത കുര്‍ത്തിയോ ചുരിദാറോ, സ്ലീവ് ലെസ്സ് ഉടുപ്പോ ഇട്ടുകൊണ്ട് കോളേജില്‍ വരരുതെന്നാണ് അധികൃതരുടെ നിര്‍ദേശം. 

വസ്ത്രത്തിന്റെ ഇറക്കം അളന്ന് കുട്ടികളെ കോളേജിന് അകത്തേക്ക് കടത്തിവിടാന്‍ സെന്റ് ഫ്രാന്‍സിസ് വനിതാ കോളേജ് അധികൃതര്‍, കോളേജ് ഗേറ്റില്‍ സെക്യൂരിറ്റി ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. വനിതാ സെക്യൂരിറ്റിക്കാര്‍ അടക്കമുള്ളവരുടെ വസ്ത്ര പരിശോധന പൂര്‍ത്തിയാക്കി മാത്രമേ പെണ്‍കുട്ടികള്‍ക്ക് കോളേജിനകത്ത് പ്രവേശിക്കാനാകൂ. 

ആഗസ്റ്റ് ഒന്നു മുതലാണ് പുതിയ ഡ്രസ്സ് കോഡ് നിലവില്‍ വന്നത്. കയ്യുള്ളതും കാല്‍മുട്ടിന് താഴെ ഇറക്കമുള്ളതുമായ വസ്ത്രം ധരിച്ചുമാത്രമേ വരാന്‍ പാടുള്ളൂ എന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നത്. ഷോര്‍ട്ട്‌സ് അടക്കമുള്ള ചെറിയ വസ്ത്രങ്ങള്‍ കോളേജ് ക്യാംപസില്‍ നിരോധിച്ചിട്ടുണ്ട്. ഡ്രസ് കോഡ് പാലിക്കാത്ത കുട്ടികളെ കോളേജില്‍ പ്രവേശിപ്പിക്കുകയോ, ക്ലാസില്‍ ഇരിക്കാന്‍ അനുവദിക്കുകയോ ചെയ്യില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 

പെണ്‍കുട്ടികളുടെ തുടകള്‍ ആണ്‍കുട്ടികളെ ആകര്‍ഷിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോളേജ് അധികൃതരുടെ നടപടി. എന്നാല്‍ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജില്‍, ഇറക്കം കുറഞ്ഞ വസ്ത്രം ആണ്‍കുട്ടികളെ ആകര്‍ഷിക്കുമെന്ന വാദം ബാലിശമാണെന്ന് വിദ്യാര്‍ത്ഥിനികള്‍ ചൂണ്ടിക്കാട്ടുന്നു. കോളേജിലെ അധ്യാപകര്‍ക്കാണ് കുഴപ്പമുണ്ടാകുന്നതെങ്കില്‍, അത് അവരുടെ പ്രശ്‌നമാണെന്നും പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

കോളേജ് അധികൃതരുടെ വസ്ത്ര പരിശോധനയ്‌ക്കെതിരെ പെണ്‍കുട്ടികള്‍ പ്രതിഷേധത്തിലാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും സ്ത്രീശാക്തീകരണത്തെക്കുറിച്ചുമെല്ലാം ചര്‍ച്ചകള്‍ നടക്കുന്ന കാലഘട്ടത്തിലാണ് , ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ഇവര്‍ പറയുന്നു. നല്ല വിവാഹാലോചനകള്‍ വരാന്‍ ഇറക്കമുള്ള കുര്‍ത്തികള്‍ ധരിക്കണമെന്ന് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥിനികളെ ഉപദേശിക്കുന്നതായും ഒരു പൂര്‍വ വിദ്യാര്‍ത്ഥിനി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com