മഹാരാഷ്ട്രയില്‍ ഒരുമിച്ച് പൊരുതാന്‍ ഉറച്ച് കോണ്‍ഗ്രസ്- എന്‍സിപി സഖ്യം; സീറ്റ് ധാരണയായി 

ആസന്നമായ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കുന്ന കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ സീറ്റു ധാരണയായി
മഹാരാഷ്ട്രയില്‍ ഒരുമിച്ച് പൊരുതാന്‍ ഉറച്ച് കോണ്‍ഗ്രസ്- എന്‍സിപി സഖ്യം; സീറ്റ് ധാരണയായി 

മുംബൈ: ആസന്നമായ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കുന്ന കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ സീറ്റു ധാരണയായി. ഇരുപാര്‍ട്ടികളും 125 സീറ്റുകളില്‍ വീതം മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. തുടര്‍ച്ചയായുളള സീറ്റുവിഭജനചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനം.

മഹാരാഷ്ട്ര നിയമസഭയില്‍ 288 സീറ്റുകളാണുളളത്. ഇതില്‍ 125 വീതം സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസും എന്‍സിപിയും ധാരണയായിരിക്കുന്നത്. അവശേഷിക്കുന്ന 38 സീറ്റുകള്‍ മറ്റ് സഖ്യകക്ഷികള്‍ക്ക് നീക്കിവെയ്ക്കാനും യോഗത്തില്‍ തീരുമാനമായതായി എന്‍സിപി നേതാവ് ശരദ് പവാര്‍ പറഞ്ഞു. എന്നാല്‍ മത്സരിക്കുന്ന സീറ്റുകള്‍ ഏതൊക്കെ എന്നത് സംബന്ധിച്ച് ഇതുവരെ ധാരണയില്‍ എത്തിയിട്ടില്ലെന്നും എന്‍സിപി അദ്ധ്യക്ഷന്‍ അറിയിച്ചു. 

തെരഞ്ഞെടുപ്പില്‍ എന്‍സിപി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് ശരദ് പവാര്‍ പറഞ്ഞു. ചില സീറ്റുകള്‍ കോണ്‍ഗ്രസുമായി വച്ചുമാറും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും പ്രത്യേകമായാണ് മത്സരിച്ചത്. സീറ്റുവിഭജനത്തില്‍ ധാരണയില്‍ എത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് 15 വര്‍ഷത്തെ സഖ്യം ഉപേക്ഷിച്ച് ഇരുപാര്‍ട്ടികളും പ്രത്യേകം മത്സരിക്കാന്‍ അന്ന് തീരുമാനിച്ചത്. 2014ല്‍ കോണ്‍ഗ്രസ് 42 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എന്‍സിപി 41 ഇടത്തും ജയിച്ചുകയറി. 122 സീറ്റുകളുമായി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.

ഈ വര്‍ഷം അവസാനമാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്ര ഭരിക്കുന്ന ബിജെപി-ശിവസേന സഖ്യത്തെ പരാജയപ്പെടുത്താം എന്ന വിശ്വാസത്തിലാണ് ഇത്തവണ കോണ്‍ഗ്രസ് എന്‍സിപി സഖ്യം. നിരവധി പ്രമുഖര്‍ ഇരുപാര്‍ട്ടികളും വിട്ടശേഷമാണ് എന്‍സിപി- കോണ്‍ഗ്രസ് ധാരണ. കൂടുതല്‍ പേരും എന്‍സിപിയില്‍ നിന്നാണ് രാജിവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com