ബഹുപാര്‍ട്ടി ജനാധിപത്യം ഇന്ത്യയില്‍ പരാജയം?; ഹിന്ദി ഭാഷയ്ക്ക് പിന്നാലെ വീണ്ടും അമിത് ഷാ 

രാജ്യത്ത് ഹിന്ദിയെ പൊതുഭാഷയാക്കി മാറ്റണമെന്ന വാദത്തിന് പിന്നാലെ ബഹുപാര്‍ട്ടി ജനാധിപത്യ സംവിധാനത്തെ ചോദ്യം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ബഹുപാര്‍ട്ടി ജനാധിപത്യം ഇന്ത്യയില്‍ പരാജയം?; ഹിന്ദി ഭാഷയ്ക്ക് പിന്നാലെ വീണ്ടും അമിത് ഷാ 

ന്യൂഡല്‍ഹി: രാജ്യത്ത് ഹിന്ദിയെ പൊതുഭാഷയാക്കി മാറ്റണമെന്ന വാദത്തിന് പിന്നാലെ ബഹുപാര്‍ട്ടി ജനാധിപത്യ സംവിധാനത്തെ ചോദ്യം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസിന്റെ നയപക്ഷാഘാത സംസ്‌കാരത്തെ വിമര്‍ശിച്ചു കൊണ്ടാണ് ബഹുപാര്‍ട്ടി ജനാധിപത്യ സംവിധാനത്തില്‍ അമിത് ഷാ സംശയം പ്രകടിപ്പിച്ചത്.

കോണ്‍ഗ്രസ് ഭരണത്തില്‍ രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്നതിനെ കുറിച്ച് ഒരു അറിവും ഇല്ലാത്ത അവസ്ഥയിലായിരുന്നു സാധാരണക്കാര്‍. പ്രശ്‌നങ്ങളില്‍ നിന്ന് രാജ്യത്തെ കരകയറ്റാന്‍ നേതൃത്വം പ്രാപ്തരാണോ എന്ന സംശയവും ജനങ്ങള്‍ക്ക് ഇടയില്‍ നിലനിന്നിരുന്നതായി അമിത് ഷാ പറഞ്ഞു. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തിന്റെ ഭരണഘടനാ ശില്‍പ്പികള്‍ ആഗ്രഹിച്ചിരുന്നത് യാഥാര്‍ത്ഥ്യമായോ എന്ന കാര്യത്തില്‍ ജനങ്ങളുടെ മനസ്സില്‍ സംശയം നിലനിന്നിരുന്നു. രാജ്യത്തെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ ബഹു പാര്‍ട്ടി സംവിധാനം പരാജയപ്പെട്ടോ എന്ന ചോദ്യവും അവരുടെ ഇടയില്‍ നിന്നും ഉയര്‍ന്നതായി അമിത് ഷാ പറഞ്ഞു . ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ നിരാശരാണ്. അഴിമതി എല്ലായിടത്തും തഴച്ചുവളരുന്ന അവസ്ഥയായിരുന്നു. അതിര്‍ത്തി സുരക്ഷിതമായിരുന്നില്ല. എല്ലാ ദിവസവും പട്ടാളക്കാര്‍ വീരമൃത്യ വരിക്കുന്ന സാഹചര്യം. മൊത്തത്തില്‍ നയപക്ഷാഘാതം ബാധിച്ച സ്ഥിതിവിശേഷമാണ് മുന്‍ സര്‍ക്കാരുകളുടെ കാലത്ത് നിലനിന്നിരുന്നതെന്നും അമിത് ഷാ പറഞ്ഞു. 

കൃത്യമായ കാഴ്ചപ്പാടുളള നേതൃത്വത്തിന്റെ അഭാവം നിലനിന്നിരുന്നതായി അമിത് ഷാ പറയുന്നു. സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയില്‍ അകപ്പെട്ട അവസ്ഥയിലായിരുന്നു. സ്ത്രീകള്‍ തങ്ങള്‍ സുരക്ഷിതരാണോ എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. യുവാക്കളും നിരാശയിലായിരുന്നു. എല്ലാ മന്ത്രിമാരും പ്രധാനമന്ത്രിമാരാണ് എന്ന് കരുതുന്ന സര്‍ക്കാരാണ് നിലനിന്നിരുന്നതെന്നും അമിത് ഷാ പറഞ്ഞു.

നയപക്ഷാഘാത സംസ്‌കാരത്തില്‍ നിന്ന് ശക്തമായ തീരുമാനങ്ങള്‍ എടുക്കുന്ന ഭരണകൂടത്തേയാണ് ഒന്നാം മോദി സര്‍ക്കാരില്‍ കണ്ടത്. 30 വര്‍ഷത്തിനകം അഞ്ചുതീരുമാനങ്ങള്‍ മാത്രം എടുത്തിരുന്ന സ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് 50 നിര്‍ണായക തീരുമാനങ്ങളാണ് മോദി സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും അമിത് ഷാ പറഞ്ഞു. നോട്ടുനിരോധനവും ജിഎസ്ടിയും ജന്‍ ധന്‍ അക്കൗണ്ടും ഇതിന് ഉദാഹരണങ്ങളാണെന്നും അമിത് ഷാ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com