കാളവണ്ടിക്കും പിഴ ചുമത്തി പൊലീസ് !; മോട്ടോര്‍ വാഹന നിയമം ലംഘിച്ചതിന് 1000 രൂപ 'ഫൈന്‍'

മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന്റെ സെക്ഷന്‍ 81 പ്രകാരം 1000 രൂപയുടെ ചലാന്‍ ആണ് പൊലീസ് റിയാസിന് നല്‍കിയത്
കാളവണ്ടിക്കും പിഴ ചുമത്തി പൊലീസ് !; മോട്ടോര്‍ വാഹന നിയമം ലംഘിച്ചതിന് 1000 രൂപ 'ഫൈന്‍'

ഡെറാഡൂണ്‍: പുതുക്കിയ മോട്ടോര്‍ വാഹന നിയമ ഭേദഗതിയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ രാജ്യത്ത് തുടരുകയാണ്. പുതിയ നിയമം അനുസരിച്ച് കടുത്ത പിഴകള്‍ ചുമത്തുന്ന വാര്‍ത്തകളും നിരവധിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡല്‍ഹിയില്‍ ട്രക്ക് ഡ്രൈവര്‍ക്ക് രണ്ടുലക്ഷം രൂപ പിഴ ചുമത്തിയതും, ഓട്ടോ ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റ് ധരിച്ചില്ല എന്ന വിചിത്ര കാരണം പറഞ്ഞ് പിഴയിട്ടതുമായ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

ഇതിനേക്കാള്‍ വിചിത്രമായ ഒരു പിഴയുടെ വാര്‍ത്തയാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.  പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം കാളവണ്ടിക്കാണ് പൊലീസ് പിഴ ചുമത്തിയത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ സഹാസ്പൂരിലാണ് സംഭവം. 

ചാര്‍ബ ഗ്രാമത്തിലെ കാളവണ്ടി ഉടമയായ റിയാസ് ഹസനാണ് 1000 രൂപ പിഴ ലഭിച്ചത്.  തന്റെ കൃഷിസ്ഥലത്തിനടുത്തായി കാളവണ്ടി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ഇദ്ദേഹം. സബ് ഇന്‍സ്‌പെക്ടര്‍ പങ്കജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രി പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ കാളവണ്ടി കണ്ടു. തുടര്‍ന്ന് കാളവണ്ടി ഉടമയായ റിയാസ് ഹസ്സന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും, ഫൈന്‍ അടയ്ക്കാന്‍ രശീത് നല്‍കുകയുമായിരുന്നു. 

മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന്റെ സെക്ഷന്‍ 81 പ്രകാരം 1000 രൂപയുടെ ചലാന്‍ ആണ് പൊലീസ് റിയാസിന് നല്‍കിയത്. പൊലീസിന്റെ നടപടിയെ റിയാസ് ചോദ്യം ചെയ്തു. തന്റെ കാളവണ്ടി സ്വന്തം വയലിന് പുറത്താണ് നിര്‍ത്തിയിട്ടത്. മാത്രമല്ല, കാളവണ്ടി മോട്ടോര്‍ വാഹന നിയമത്തിന് അകത്തു വരില്ലല്ലോയെന്നും റിയാസ് ചോദിച്ചു. തുടര്‍ന്ന് പൊലീസ് നല്‍കിയ ചലാന്‍ റദ്ദാക്കുകയായിരുന്നു. 

അനധികൃത മണല്‍ ഖനനം നടക്കുന്ന മേഖലയാണിതെന്നും ഇവിടെ മണല്‍ കടത്തിന് കാളവണ്ടികള്‍ ഉപയോഗിക്കുന്നത് പതിവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. റിയാസിന്റെ കാളവണ്ടി ഇതിന് ഉപയോഗിക്കുന്നുവെന്ന് സംശയിച്ചാണ് നടപടി എടുത്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഇരുട്ടായതിനാല്‍ ഐപിസി പ്രകാരം പിഴ ചുമത്തേണ്ട ബില്‍ബുക്കിന് പകരം എം വി ആക്ടിന്റെ ചെലാന്‍ മാറി നല്‍കുകയായിരുന്നുവെന്നും സഹസ്പൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് പി ഡി ഭട്ട് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com