'നിങ്ങളോട് കടപ്പെട്ടിരിക്കുന്നു;  ഈ പിന്തുണയും വാത്സല്യവും എന്നെ കരുത്തനാക്കുന്നു'; നന്ദി അറിയിച്ച് പ്രധാനമന്ത്രി

ഈ അചഞ്ചലമായ പിന്തുണയും വാത്സല്യവും മുന്നോട്ടേക്ക് എന്നെ ഏറെ ശക്തനാക്കുന്നുവെന്ന് മോദി
'നിങ്ങളോട് കടപ്പെട്ടിരിക്കുന്നു;  ഈ പിന്തുണയും വാത്സല്യവും എന്നെ കരുത്തനാക്കുന്നു'; നന്ദി അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് നന്ദി അറിയിച്ച് നരേന്ദ്രമോദി. സമസ്തമേഖലയിലെയും ആയിരക്കണക്കിനാളുകളാണ് ആശംസകള്‍ അറിയിച്ചത്. അവരകാട്ടെ അമൂല്യമായ നിമിഷങ്ങളും ചിത്രങ്ങളുമാണ് പങ്കുവെച്ചത്. ഇതിനെല്ലാം ഞാന്‍ അവരോട് കടപ്പെട്ടിരിക്കുന്നു. ഈ അചഞ്ചലമായ പിന്തുണയും വാത്സല്യവും മുന്നോട്ടേക്ക് എന്നെ ഏറെ ശക്തനാക്കുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. 

പതിവ് തെറ്റിക്കാതെ ഇത്തവണയും മോദി പിറന്നാള്‍ ആഘോഷിച്ചത് ഗുജറാത്തിലെ ഗാന്ധിനഗറിലെ വീട്ടില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു. ആര്‍ഭാടങ്ങളൊന്നും ഇല്ലാതെ ഇഷ്ട വിഭവമൊരുക്കി കാത്തിരുന്ന അമ്മയ്‌ക്കൊപ്പം നിറ സ്വാദോടെ അദ്ദേഹം 69ാം പിറന്നാളിന് അമ്മ നല്‍കിയ ഭക്ഷണം കഴിച്ചു. ഇത്തവണ മകന്റെ ഇഷ്ടഭക്ഷണമായ താലി മീല്‍സാണ് അമ്മ ഹീരാബെന്‍ ഒരുക്കി വച്ചത്. റൊട്ടി, പരിപ്പ്, പയര്‍, സലാഡ്, ഒന്നുരണ്ട് പച്ചക്കറി കറികള്‍ എന്നിങ്ങനെ രുചികള്‍ നിരത്തി വച്ച അമ്മയ്ക്ക് മുന്നില്‍ മോദി പിറന്നാള്‍ കുട്ടിയായി ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലും വൈറലായി.

ഭക്ഷണശേഷം മകന് പിറന്നാള്‍ സമ്മാനവും നല്‍കിയാണ് അമ്മ മോദിയെ യാത്രയാക്കിയത്. ഇത്തവണ 501 രൂപയായിണ് അമ്മ നല്‍കിയത്.അമ്മയ്‌ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച ശേഷം സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ ഗുജറാത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച നമാമി ദേവി നര്‍മ്മതാ മഹോത്സവത്തിലും മോദി പങ്കെടുത്തു. 98വയസ്സായ ഹീരബെന്‍ ഇളയമകന്‍ പങ്കജ് മോദിക്കൊപ്പമാണ് താമസിക്കുന്നത്. എല്ലാ ജന്മദിനവും അമ്മയ്‌ക്കൊപ്പമാണ് മോദി ആഘോഷിക്കുന്നത്.

പിറന്നാള്‍ ആഘോഷത്തിനായി കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് മോദി ഗുജറാത്തില്‍ എത്തിയത്. ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, സംസ്ഥാന മുഖ്യമന്ത്രി വിജയ് രൂപാനി എന്നിവര്‍ വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു. വിമാനത്താവളത്തിന് പുറത്ത് ജനനായകനെ കാണാനെത്തിയ ആയിരങ്ങള്‍ മുദ്രാവാക്യവിളികളോടെയും പാര്‍ട്ടി പതാക ഉയര്‍ത്തിയുമാണ് മോദിയെ വരവേറ്റത്. തന്നെകാണാന്‍ തടിച്ചുകൂടിയ ആളുകള്‍ക്ക് പ്രധാനമന്ത്രി അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com