രാജ്യം ഭരിക്കുന്നത് ഹിന്ദുത്വ സര്‍ക്കാര്‍; സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണം: ശിവസേന

ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് ഹിന്ദുത്വ സര്‍ക്കാരാണ്. ധീരദേശാഭിമാനിയായ സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണം
രാജ്യം ഭരിക്കുന്നത് ഹിന്ദുത്വ സര്‍ക്കാര്‍; സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണം: ശിവസേന

മുംബൈ:  വീര സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്ന് ശിവസേനാ മേധാവി ഉദ്ദവ് താക്കറെ. സവര്‍ക്കാര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ പാകിസ്ഥാന്‍ എന്നൊരു രാജ്യമുണ്ടാകുമായിരുന്നില്ലെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് ഹിന്ദുത്വ സര്‍ക്കാരാണ്. അതുകൊണ്ട് ഞാനൊരു നിര്‍ദ്ദേശം മുന്നോട്ടുവെക്കുകയാണ്. ധീരദേശാഭിമാനിയായ സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കാന്‍ ഈ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. നേരത്തെയും ശിവസേന സമാനമായി അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. 

രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ചിത്രത്തിന് പകരം ഇന്ത്യന്‍ കറന്‍സിയില്‍ സവര്‍ക്കറുടെ ചിത്രം വേണമെന്ന് ഹിന്ദുസഭ. സവര്‍ക്കര്‍ക്ക് ഭാരതരത്‌ന കൊടുക്കണമെന്നും അത് അദ്ദേഹത്തിന് നല്‍കുന്ന ആദരവായിരിക്കുമെന്നും ഹിന്ദുമഹാസഭാ നേതാക്കള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സവര്‍ക്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഹിന്ദുമഹാസഭ ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. 

വീരസവര്‍ക്കര്‍ എന്ന വിശേഷണം രാജസ്ഥാന്‍ സര്‍ക്കാര്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് അടുത്തിടെ നീക്കം ചെയ്തിരുന്നു. സംസ്ഥാനം മുമ്പ് ഭരിച്ചിരുന്ന എന്‍ഡിഎ സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളെ നീക്കം ചെയ്യുന്നതിന്റെ ഭാഗമായായിരുന്നു അശോക് ഗെഹ് ലോട്ട് സര്‍ക്കാരിന്റെ നടപടി

പന്ത്രണ്ടാം ക്ലാസ്സിലെ ചരിത്ര പുസ്തകത്തിലാണ് സവര്‍ക്കറെ കുറിച്ചുള്ള ഭാഗമുള്ളത്. സ്വാതന്ത്ര്യസമരസേനാനികള്‍ എന്ന തലക്കെട്ടിനു കീഴില്‍ വരുന്ന ഭാഗമാണിത്. ഇതിലാണ് പേരുള്‍പ്പടെ മാറ്റിക്കൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത്. ജയിലിലെ പീഡനം സഹിക്കവയ്യാതെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് സവര്‍ക്കര്‍ ജയില്‍മോചിതനായത് എങ്ങനെ എന്നുള്ള വിശദീകരണമാണ് പുതുതായി പാഠ്യഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആന്‍ഡമാന്‍ ജയിലില്‍ നിന്നുള്ള മോചനത്തിന് വേണ്ടി 1911ല്‍ നാല് മാപ്പപേക്ഷകള്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് സവര്‍ക്കര്‍ നല്കിയതായി പുസ്തകത്തില്‍ പറയുന്നു. വീര്‍ സവര്‍ക്കര്‍ എന്ന് അഭിസംബോധന ചെയ്തിരുന്നിടത്തെല്ലാം വി.ഡി.സവര്‍ക്കര്‍ എന്ന് മാത്രമാണ് ഇപ്പോഴുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com