1998ലെ കോണ്‍ഗ്രസ് പ്രമേയത്തില്‍ പറയുന്നുണ്ട്, എന്തിനാണ് ഇപ്പോള്‍ എതിര്‍പ്പ്?; ജനസംഖ്യാ നിയന്ത്രണത്തില്‍ മോദിയെ പിന്തുണച്ച് ജിതിന്‍ പ്രസാദ 

യുവാക്കളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജനസംഖ്യാ നിയന്ത്രണം രാജ്യത്തിന് ആവശ്യമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജിതിന്‍ പ്രസാദ
1998ലെ കോണ്‍ഗ്രസ് പ്രമേയത്തില്‍ പറയുന്നുണ്ട്, എന്തിനാണ് ഇപ്പോള്‍ എതിര്‍പ്പ്?; ജനസംഖ്യാ നിയന്ത്രണത്തില്‍ മോദിയെ പിന്തുണച്ച് ജിതിന്‍ പ്രസാദ 

ന്യൂഡല്‍ഹി: യുവാക്കളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജനസംഖ്യാ നിയന്ത്രണം രാജ്യത്തിന് ആവശ്യമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജിതിന്‍ പ്രസാദ. ഒരു കുടുംബത്തിന് രണ്ട് കുട്ടികള്‍ എന്ന വ്യവസ്ഥ ഏര്‍പ്പെടുത്തുന്നതിന് രാജ്യവ്യാപകമായി സംവാദം സംഘടിപ്പിക്കണമെന്നും ജിതിന്‍ പ്രസാദ പറഞ്ഞു. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ജനസംഖ്യാ വര്‍ധനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇതിനെ പിന്തുണച്ച് കൊണ്ടായിരുന്നു ജിതിന്‍ പ്രസാദയുടെ പ്രസ്താവന.

അതേസമയം ജനംസംഖ്യാ നിയന്ത്രണം മോദിയുടെ ആശയമാണെന്ന് പറയുന്നത് തെറ്റാണെന്നും ജിതിന്‍ പ്രസാദ പറയുന്നു. 1998ല്‍ നടന്ന എഐസിസി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ജനസംഖ്യാ വര്‍ധനയുടെ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ കൊണ്ടുവന്ന ഈ ആശയത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എതിര്‍പ്പ് ഉയരുന്നത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല എന്നും ജിതിന്‍ പ്രസാദ ട്വിറ്ററില്‍ ചോദിച്ചു. രണ്ട് കുട്ടികള്‍ എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ജനസംഖ്യാ നിയന്ത്രണത്തിന് സന്നദ്ധത അറിയിക്കുന്ന 10 കുടുംബങ്ങളെ വീതം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും ജിതിന്‍ പ്രസാദ ആവശ്യപ്പെട്ടു.

 ജനസംഖ്യാ വര്‍ധനയുടെ പ്രത്യാഘാതം സംബന്ധിച്ച് രാജ്യമൊട്ടാകെ ചര്‍ച്ച നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.ഇത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. രാജ്യത്തെ യുവാക്കള്‍ നിരവധി പ്രശ്‌നങ്ങളെ നേരിടുന്നുണ്ട്. ജനസംഖ്യാ ക്രമാതീതമായി ഉയരുന്നതുമൂലം നഗരങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വരെ തകരുന്ന അവസ്ഥയിലാണ്. യുവാക്കള്‍ക്ക് പരിഹാരമാണ് വേണ്ടത്. അതിനാല്‍ ജനസംഖ്യാ നിയന്ത്രണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും ജിതിന്‍ പ്രസാദ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com