ഇനി നേതൃതലങ്ങളില്‍ 55 വയസ്സില്‍ താഴെയുളളവര്‍ മതി; തലമുറമാറ്റത്തിന് ഒരുങ്ങി ബിജെപി, സംഘടനാ തെരഞ്ഞെടുപ്പ് അടുത്തമാസം

പാര്‍ട്ടിയില്‍ തലമുറമാറ്റം ലക്ഷ്യമിട്ട് ബിജെപി സംഘടനാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു
ഇനി നേതൃതലങ്ങളില്‍ 55 വയസ്സില്‍ താഴെയുളളവര്‍ മതി; തലമുറമാറ്റത്തിന് ഒരുങ്ങി ബിജെപി, സംഘടനാ തെരഞ്ഞെടുപ്പ് അടുത്തമാസം

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ തലമുറമാറ്റം ലക്ഷ്യമിട്ട് ബിജെപി സംഘടനാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. ജില്ലാ, സംസ്ഥാന നേതൃതലങ്ങളില്‍ യുവാക്കളെ അവരോധിക്കാന്‍ ലക്ഷ്യമിട്ടുളള സംഘടനാ തെരഞ്ഞെടുപ്പിന് അടുത്തമാസം തുടക്കമിടാനാണ് ഉദ്ദേശിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് 55 ഉം അതില്‍ താഴെയും പ്രായമുളളവരെ നിയോഗിക്കാനാണ് ബിജെപിയുടെ പദ്ധതി. ജില്ലയുടെയും കീഴ്ഘടകങ്ങളുടെയും ചുമതലയും സമാനമായ നിലയില്‍ യുവാക്കളെ ഏല്‍പ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പാര്‍ട്ടിയില്‍ തലമുറമാറ്റത്തിന് ഇതാണ് പറ്റിയ സമയം എന്നാണ് കരുതുന്നതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

പാര്‍ട്ടിയില്‍ നേതൃപ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. യുവതലമുറയ്ക്ക് ഇപ്പോള്‍ ലഭിക്കുന്ന അവസരം, അടുത്ത 15 വര്‍ഷത്തിനകം വലിയ ഉത്തരവാദിത്തമായി മാറും. ഇതിന്റെ പ്രതിഫലനം ദേശീയതലത്തിലും പ്രകടമാകും. ഈ വര്‍ഷം അവസാനത്തോടെ, ജെ പി നഡ്ഡ പാര്‍ട്ടി അധ്യക്ഷന്‍ ആകും. അതോടെ ദേശീയ തലത്തില്‍ സംഘടനാ ചുമതലകളില്‍ മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആര്‍എസ്എസിലും സമാനമായ തലമുറമാറ്റം ദൃശ്യമാകും. 50-55 വയസ്സ് പ്രായപരിധിയില്‍പ്പെട്ടവര്‍ക്ക് സംഘടനയില്‍ സ്ഥാനക്കയറ്റം ലഭിക്കും. 

കഴിഞ്ഞദിവസം ബീഹാര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ പാര്‍്ട്ടി അധ്യക്ഷന്മാരെ നിയമിച്ചിരുന്നു.എല്ലാവര്‍ക്കും 55 വയസ്സില്‍ താഴെയാണ് പ്രായം. കര്‍ണാടകയില്‍ 52 വയസ്സുളള നളിന്‍കുമാര്‍ കട്ടീല്‍ ആണ് സംസ്ഥാന അധ്യക്ഷന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com