കേന്ദ്രമന്ത്രിയെ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ തടഞ്ഞു, കയ്യേറ്റം ചെയ്തു; രക്ഷകനായി ഗവര്‍ണര്‍, സര്‍വകലാശാലയില്‍ സംഘര്‍ഷം  

എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് കേന്ദ്രമന്ത്രി സര്‍വകലാശാലയില്‍ എത്തിയത്
കേന്ദ്രമന്ത്രിയെ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ തടഞ്ഞു, കയ്യേറ്റം ചെയ്തു; രക്ഷകനായി ഗവര്‍ണര്‍, സര്‍വകലാശാലയില്‍ സംഘര്‍ഷം  

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ജാദവ്പുര്‍ യൂണിവേഴ്‌സിറ്റിയിലെത്തിയ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ തടഞ്ഞു. എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് കേന്ദ്രമന്ത്രി സര്‍വകലാശാലയില്‍ എത്തിയത്. അതേസമയം കേന്ദ്രമന്ത്രിയെ തടഞ്ഞ സംഭവം ഗൗരവപ്പെട്ട വിഷയമാണെന്ന് വിലയിരുത്തിയ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ അടിയന്തരമായി നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.

സര്‍വകലാശാലാ ക്യാംപസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ വിദ്യാര്‍ഥികള്‍ ഒന്നര മണിക്കൂറോളം കേന്ദ്രമന്ത്രിയെ തടഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോ ബാക്ക് വിളികളുമായാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ കേന്ദ്രമന്ത്രിയെ തടഞ്ഞത്. പിന്നീട് അദ്ദഹം സര്‍വകലാശാല കാമ്പസില്‍നിന്ന് മടങ്ങാന്‍ ഒരുങ്ങവെ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ തലമുടിയില്‍ പിടിച്ചു വലിക്കുകയും തള്ളുകയും ചെയ്തുവെന്നാണ് പരാതി.

വിവരം അറിഞ്ഞ് ഗവര്‍ണര്‍ ധന്‍കര്‍ സര്‍വകലാശാലയിലെത്തി കേന്ദ്രമന്ത്രിയുടെ രക്ഷയ്‌ക്കെത്തി. ക്യാംപസ് വിട്ടുപോകാന്‍ അനുവദിക്കാതെ , വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രതിരോധം തീര്‍ത്തുവെങ്കിലും, ഗവര്‍ണര്‍ ഇടപെട്ട് ബാബുല്‍ സുപ്രിയോയെ പുറത്തുകൊണ്ടുവരുകയായിരുന്നു. പൊലീസും സഹായത്തിന് എത്തി. ഇതിനിടെ, റോഡ് ഗതാഗതം തടസപ്പെടുത്തിയതുമൂലം ഗവര്‍ണറുടെ വാഹനവ്യൂഹവും ക്യാംപസില്‍ കുടുങ്ങി. എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമാസക്തരായ എബിവിപി വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയുടെ വസ്തുവകകള്‍ അടിച്ചുതകര്‍ത്തു.

രാഷ്ട്രീയം കളിക്കാനല്ല സര്‍വകലാശാലയില്‍ എത്തിയതെന്ന് ബാബുല്‍ സുപ്രിയോ പറഞ്ഞു. ചില വിദ്യാര്‍ഥികളുടെ പെരുമാറ്റം തന്നെ വിഷമിപ്പിച്ചു. തന്നെ തടയുകയും മുടിയില്‍ പിടിച്ചു വലിക്കുകയും തള്ളുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. നക്‌സലുകളെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ തന്നെ പ്രകോപിപ്പിക്കാനാണ് ശ്രമിച്ചതെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു. സര്‍വകലാശാല വി സി സുരഞ്ജന്‍ ദാസ് വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ പിരിഞ്ഞുപോയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com