കോണ്‍ഗ്രസ് വീണ്ടും 'പഴയ പടക്കുതിര'കളുടെ പിടിയിലേക്ക്; പാര്‍ട്ടിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരും

രാഹുല്‍ ഗാന്ധി അധ്യക്ഷനായിരുന്ന കാലയളവില്‍ നേതൃതലത്തില്‍ എത്തിയ പുതിയ നേതാക്കള്‍ക്കു പകരം സുപ്രധാന പദവികളില്‍ പഴമക്കാര്‍ ഓരോരുത്തരായി തിരിച്ചെത്തുകയാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റായി എത്തിയതോടെ കോണ്‍ഗ്രസിന്റെ നിയന്ത്രണം വീണ്ടും 'പഴയ പടക്കുതിര'കളിലേക്ക് എത്തുന്നതായി സൂചന. രാഹുല്‍ ഗാന്ധി അധ്യക്ഷനായിരുന്ന കാലയളവില്‍ നേതൃതലത്തില്‍ എത്തിയ പുതിയ നേതാക്കള്‍ക്കു പകരം സുപ്രധാന പദവികളില്‍ പഴമക്കാര്‍ ഓരോരുത്തരായി തിരിച്ചെത്തുകയാണ്.

സോണിയ ഗാന്ധി സ്ഥാനമേറ്റതിനു പിന്നാലെ നടത്തിയ നിയമനങ്ങള്‍ അനുഭവ പരിജ്ഞാനമുള്ള നേതാക്കളെ കൂടുതല്‍ വിശ്വാസത്തില്‍ എടുക്കുന്നു എന്നു വ്യക്തമാക്കുന്നതാണ്. ഹരിയാനയില്‍ അശോക് തന്‍വറിനു പകരം കുമാരി സെല്‍ജയെ പിസിസി നേതൃത്വത്തിലേക്കു കൊണ്ടുവന്നത് ഇതിന്റെ സൂചനയാണെന്ന രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മുംബൈ കോണ്‍ഗ്രസിന്റെ തലപ്പത്ത് മിലിന്ദ് ദേവ്‌റയ്ക്കു പകരം ഏകനാഥ് ഗെയ്ക്കവാദിനെ സോണിയ നിയമിച്ചിരുന്നു. 

രാഹുല്‍ അധ്യക്ഷനായിരുന്നു കാലയളവില്‍ പല സംസ്ഥാനങ്ങളിലും എഐസിസി ഇന്‍ ചാര്‍ജായി നിയമിച്ചത് യുവ നേതാക്കളെയാണ്. വരും ദിവസങ്ങളില്‍ ഇവര്‍ക്കു മാറ്റമുണ്ടാവുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പഴയ തലമുറ നേതാക്കളുടെ ജനകീയതയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടു പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാമെന്നാണ് സോണിയ ഗാന്ധി കണക്കുകൂട്ടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അതേസമയം സംഘടനാ രംഗത്തുനിന്ന് ഒഴിവാക്കുന്ന നേതാക്കളെ കൂടുതല്‍ ഫലപ്രദമായി പാര്‍ലമെന്ററി രംഗത്ത് ഉപയോഗിച്ചേക്കുമെന്നും വിലയിരുത്തലുണ്ട്. 

സോണിയ തലപ്പത്ത് എത്തിയതോടെ കേരളത്തില്‍ കെവി തോമസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് കൂടുതല്‍ റോള്‍ പാര്‍ട്ടി കാര്യങ്ങളില്‍ ഉണ്ടാവുമെന്നാണ് സൂചനകള്‍. ലോക്‌സഭാ ടിക്കറ്റ് നിഷേധിക്കപ്പെട്ട കെവി തോമസിനെ യുഡിഎഫ് കണ്‍വീനറായി നിയമിക്കും എന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com