തേജസില്‍ പറന്ന് ചരിത്രം കുറിച്ച് രാജ്‌നാഥ് സിങ് ; പോര്‍വിമാനത്തില്‍ പറക്കുന്ന ആദ്യപ്രതിരോധമന്ത്രി ; വിമാനം ഏറെ നേരം നിയന്ത്രിച്ചത് മന്ത്രിയെന്ന് ഡിആര്‍ഡിഒ തലവന്‍

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് എന്ന ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റില്‍ പറന്നത് വ്യത്യസ്തമായ അനുഭവമായിരുന്നു എന്ന് മന്ത്രി
തേജസില്‍ പറന്ന് ചരിത്രം കുറിച്ച് രാജ്‌നാഥ് സിങ് ; പോര്‍വിമാനത്തില്‍ പറക്കുന്ന ആദ്യപ്രതിരോധമന്ത്രി ; വിമാനം ഏറെ നേരം നിയന്ത്രിച്ചത് മന്ത്രിയെന്ന് ഡിആര്‍ഡിഒ തലവന്‍

ബംഗളൂരു: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പോര്‍ വിമാനമായ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ് പറപ്പിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. പോര്‍വിമാനത്തില്‍ പറക്കുന്ന രാജ്യത്തെ ആദ്യ പ്രതിരോധമന്ത്രിയാണ് രാജ്‌നാഥ് സിങ്. 30 മിനുട്ട് നേരമാണ് രാജ്‌നാഥ് വിമാനത്തില്‍ പറന്നത്. പറക്കലിനിടെ, ഏതാനും നേരം വിമാനം നിയന്ത്രിച്ചത് പ്രതിരോധമന്ത്രി ആയിരുന്നുവെന്ന് ഡിആര്‍ഡിഒ തലവന്‍ ഡോക്ടര്‍ ജി സതീഷ് റെഡ്ഡി പറഞ്ഞു. 

പൊലറ്റിന്റെ തൊട്ടുപിന്നിലായാണ് രാജ്‌നാഥ് സിങ് ഇരുന്നത്. നാഷണല്‍ ഫ്‌ലൈറ്റ് ടെസ്റ്റ് സെന്റര്‍ പ്രോജക്ട് ഡയറക്ടര്‍ എയര്‍ വൈസ് മാര്‍ഷല്‍ എന്‍ തിവാരിയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മന്ത്രിയാണ് കുറെ നേരം വിമാനം നിയന്ത്രിച്ചതെന്ന സതീഷ് റെഡ്ഡിയുടെ പ്രസ്താവനയ്ക്ക്, തിവാരി നിര്‍ദേശങ്ങള്‍ തന്നു, ഞാന്‍ അനുസരിച്ചു എന്നായിരുന്നു രാജ്‌നാഥിന്റെ പ്രതികരണം. 

ബംഗളൂരുവിലെ എച്ച്എഎല്‍ എയര്‍പോട്ടില്‍ നിന്ന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് എന്ന ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റില്‍ പറന്നത് വ്യത്യസ്തമായ അനുഭവമായിരുന്നു', എന്ന് സുരക്ഷിതമായി തിരിച്ചെത്തിയ ശേഷം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ജി സ്യൂട്ടണിഞ്ഞ് വെളുത്ത ഹെല്‍മറ്റും ഓക്‌സിജന്‍ മാസ്‌കും ധരിച്ച് നിര്‍ദേശങ്ങള്‍ ശ്രവിച്ച് പൈലറ്റിന്റെ പിറകിലായി ഇരിക്കുന്ന ചിത്രങ്ങള്‍ രാവിലെ മന്ത്രി ട്വീറ്റ് ചെയ്തിരുന്നു. 

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്(എച്ച്.എ. എല്‍.) നിര്‍മിച്ച തേജസ് യുദ്ധവിമാനം 33 വര്‍ഷത്തെ നിര്‍മാണ, പരീക്ഷണ കടമ്പകള്‍ കടന്നാണ് സേനയുടെ ഭാഗമായത്. 1985ലാണ് തേജസ് ലഘു യുദ്ധവിമാനത്തിനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. 1994ല്‍ സേനയുടെ ഭാഗമാക്കാനായിരുന്നു പദ്ധതി. എന്നാല്‍, ഇത് പലകാരണങ്ങളാല്‍ നീണ്ടുപോയി.

ഗോവയിലെ ഐ.എന്‍.എസ്. ഹന്‍സയില്‍വെച്ച് തേജസ് വിമാനത്തിന്റെ അറസ്റ്റഡ് ലാന്‍ഡിങ് പരീക്ഷണം കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ലാന്‍ഡിങിന് തൊട്ടുപിന്നാലെ വിമാനം പിടിച്ചുനിര്‍ത്തുന്ന പ്രക്രിയയാണ് അറസ്റ്റഡ് ലാന്‍ഡിങ്. വിമാനവാഹിനി കപ്പലുകളിലെ ലാന്‍ഡിങിനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ഇതുവരെ ഈ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com