ഭൂമിക്കും ആധാര്‍ മാതൃകയില്‍ തിരിച്ചറിയല്‍ നമ്പര്‍ ; നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ 

ഏകീകൃത ദേശീയ ഡിജിറ്റല്‍ ലാന്‍ഡ് റെക്കോഡ് സംവിധാനം സജ്ജമാക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : രാജ്യത്ത് ഭൂസ്വത്തിനും ആധാര്‍ മാതൃകയില്‍ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ വരുന്നു. ഭൂമി ഇടപാടുകള്‍ സുതാര്യമാക്കുക, സംശയകരമായ ഭൂമി ഇടപാടുകള്‍ തടയുക, ഉടമസ്ഥതയിലെ ദുരൂഹത നീക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നു വര്‍ഷം കൊണ്ട് ഏകീകൃത ദേശീയ ഡിജിറ്റല്‍ ലാന്‍ഡ് റെക്കോഡ് സംവിധാനം സജ്ജമാക്കാനാണ് ശ്രമം. ഇതിനുള്ള നടപടികള്‍ ഗ്രാമവികസനമന്ത്രാലയം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

രാജ്യമെങ്ങും ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിന്റെ ഭാഗമായി ആധാര്‍ മാതൃകയിലുള്ള നമ്പര്‍ നല്‍കുന്നതു പരിഗണനയിലുണ്ടെന്നു മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സംസ്ഥാനം, ജില്ല, താലൂക്ക്, ബ്ലോക്ക്, വിസ്തീര്‍ണം, ഉടമയുടെ പേര് തുടങ്ങി സ്ഥലം സംബന്ധിച്ച എല്ലാ വിവരങ്ങളും സവിശേഷ നമ്പര്‍ ഉപയോഗിച്ച് തിരിച്ചറിയാനാകും. 

ക്രമേണ ഈ നമ്പര്‍, ഭൂവുടമയുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കും. രാജ്യത്ത് എവിടെയാണു ഭൂമിയെന്നു കൃത്യമായി നിര്‍ണയിക്കാന്‍ ഇതിലൂടെ സാധിക്കും. മുന്‍ കൈമാറ്റങ്ങള്‍, ഉടമസ്ഥാവകാശ വിവരങ്ങള്‍ എന്നിവയും ഇതില്‍ ലഭ്യമാക്കും. ഭൂമി കൈമാറ്റം, നികുതി അടവ് തുടങ്ങിയ വിവരങ്ങളും ഇതോടെ കണ്ടെത്താന്‍ ഇനി എളുപ്പമാകും. 

ഭൂമിക്ക് തിരിച്ചറിയല്‍ നമ്പര്‍ വരുന്നതോടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ സുതാര്യമാകുമെന്നും നികുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും അധികൃതര്‍ അവകാശപ്പെടുന്നു. ഭൂമി തര്‍ക്കങ്ങള്‍ക്കുള്ള പരിഹാരവും പൊതു ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങളും എളുപ്പത്തിലാക്കും. അവശ്യഘട്ടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും ഇതുവഴി കഴിയുമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com