രാജ്യത്തൊട്ടാകെ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാര്‍: യോഗി ആദിത്യനാഥ്

ബംഗ്ലാദേശികള്‍, പാകിസ്താനികള്‍ തുടങ്ങിയ മുഴുവന്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും ആദിത്യനാഥ്
രാജ്യത്തൊട്ടാകെ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാര്‍: യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: അസം മാതൃകയില്‍ രാജ്യത്തൊട്ടാകെ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണമെന്ന ആവശ്യവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അസമില്‍ നടപ്പിലാക്കിയ പൗരത്വ രജിസ്റ്റര്‍ പദ്ധതി ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് ആദിത്യനാഥ് അഭിപ്രായപ്പെട്ടു. പൗരത്വ രജിസ്റ്റര്‍ മറ്റുസംസ്ഥാനങ്ങളിലും നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പട്ടു.  ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.

ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കേണ്ടതുണ്ട്. ഉത്തര്‍പ്രദേശില്‍ മാത്രമല്ല, ഇന്ത്യ തന്നെ ആഭ്യന്തര സുരക്ഷ പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ അനധികൃതമായി കടന്നുകയറിയവര്‍ നമ്മുടെ വിഭവങ്ങള്‍ ചൂഷണം ചെയ്തു. അവര്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. ഇങ്ങനെ കടന്നുകയറിയവരില്‍ അധികവും ബംഗ്ലാദേശികളാണെന്നും ആദിത്യനാഥ് ആരോപിക്കുന്നു.

അസം മാതൃകയില്‍ മറ്റ് സംസ്ഥാനങ്ങളിലും പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ ബിജെപി തയ്യാറാകുമെന്നും ആദിത്യനാഥ് വ്യക്തമാക്കി. ബംഗ്ലാദേശികള്‍, പാകിസ്താനികള്‍ തുടങ്ങിയ മുഴുവന്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും ആദിത്യനാഥ് പറഞ്ഞു. 

അസമിലെ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാത്ത 19 ലക്ഷം ആളുകളെ ഇന്ത്യന്‍ പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അസമിലെ ബിജെപി നേതൃത്വവും അന്തിമ പട്ടികയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. അനധികൃത കുടിയേറ്റക്കാര്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പെട്ടുവെന്നും യഥാര്‍ഥ പൗരന്മാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയെന്നുമാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വവും പറയുന്നത്.  

അതേസമയം ബിജെപിയിലെ മറ്റ് നേതാക്കള്‍ പൗരത്വ രജിസ്റ്റര്‍ മറ്റ് സംസ്ഥാനങ്ങിലും നടപ്പിലാക്കണമെന്ന ആവശ്യമുന്നയിക്കുന്നവരാണ്. ഡല്‍ഹി. തെലങ്കാന, ബിഹാര്‍, മണിപ്പുര്‍, തൃപുര തുടങ്ങിയ സംസ്ഥാനങ്ങളിലും പൗരത്വ രജിസ്റ്റര്‍ വേണമെന്ന ആവശ്യം ബിജെപി നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com