ഇന്റര്‍നെറ്റ് മൗലിക അവകാശമെങ്കില്‍ കശ്മീരില്‍ നടക്കുന്നതെന്ത്?  നിയമ വിദഗ്ധര്‍ ചോദിക്കുന്നു

ഇന്റര്‍നെറ്റ് മൗലിക അവകാശമെങ്കില്‍ കശ്മീരില്‍ നടക്കുന്നതെന്ത്?  നിയമ വിദഗ്ധര്‍ ചോദിക്കുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനുള്ള അവകാശം മൗലിക അവകാശമായി പ്രഖ്യാപിച്ച കേരള ഹൈക്കോടതി വിധി കശ്മീര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ ഇന്റര്‍നെറ്റ് വിലക്കിനെ സംശയത്തിന്റെ നിഴലിലാക്കിയതായി നിയമ വിദഗ്ധര്‍. ഒരു മാസമായി ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ട കശ്മീരിലേത് വ്യാപകമായ മൗലിക അവകാശ ലംഘനമാണെന്ന വിലയിരുത്തലിലാണ് പുതിയ സാഹചര്യം എത്തിച്ചിരിക്കുന്നതെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.

ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ സമിതിയുടെ 2016ലെ പ്രഖ്യാപനം അനുസരിച്ച് ഇന്റര്‍നെറ്റ് മൗലികാവകാശമാണെന്നാണ്, കേളജ് ഹോസ്റ്റലിലെ ഇന്റര്‍നെറ്റ് വിലക്കിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ''ഹോസ്റ്റലിലെ അന്തേവാസികള്‍ പ്രായപൂര്‍ത്തിയായവരാണെന്നു കോളജ് അധികൃതരും രക്ഷിതാക്കളും മനസ്സിലാക്കണം. എങ്ങനെ പഠിക്കണം, എപ്പോള്‍ പഠിക്കണം എന്നൊക്കെ വിദ്യാര്‍ഥികളാണു തീരുമാനിക്കേണ്ടത്.'' വൈകിട്ട് ആറ് മുതല്‍ 10 വരെ പെണ്‍കുട്ടികള്‍ക്കു ഫോണ്‍ ഉപയോഗിക്കാന്‍ വിലക്കിയതില്‍ പ്രതിഷേധിച്ചതിനു ഹോസ്റ്റലില്‍ നിന്നു പുറത്താക്കിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കോടതി ചൂണ്ടിക്കാട്ടി. 

ആധുനിക ലോകത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്നത് യോജിച്ച നടപടിയല്ല. രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍പ്പോലും വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നെറ്റ് നിഷേധിക്കാനാവില്ല. അത് വിദ്യാഭ്യാസത്തിനും സ്വകാര്യതയ്ക്കൂമുള്ള അവരുടെ മൗലിക അവകാശത്തിന്റെ ലംഘനമാണെന്ന് ജസ്റ്റിസ് പിവി ആശ വിധിയില്‍ വ്യക്തമാക്കി.

ഇന്റര്‍നെറ്റ് മൗലിക അവകാശമാക്കി 2016ല്‍ തന്നെ യുഎന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കശ്മീരിലെ ജനങ്ങള്‍ക്ക് ആ അവകാശം ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകനായ ഡികെ മഹന്ത് പറഞ്ഞു. ഇപ്പോഴല്ല, മുമ്പു പലപ്പോഴും ക്രമസാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്റര്‍നെറ്റ് വിലക്കിയിട്ടുണ്ട്. ഒരു വശത്ത് ഡിജിറ്റല്‍ ഇക്കണോമിയിലേക്ക് മാറാന്‍ സര്‍ക്കാര്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. കശ്മീരികള്‍ക്കാണെങ്കില്‍ സ്വന്തം പണം പോലും ഉപയോഗിക്കാനാവാതെ വരികയും ചെയ്യുന്നു- അദ്ദേഹം പറഞ്ഞു.

കശ്മീരില്‍ നടക്കുന്ന മൗലിക അവകാശ ലംഘനങ്ങളെ കൂടുതല്‍ വ്യക്തമാക്കുന്നതാണ് കേരള ഹൈക്കോടതി വിധിയെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ അനസ് തന്‍വീര്‍ പറഞ്ഞു. ആശയവിനിമയത്തിനുള്ള അവകാശം വിലക്കപ്പെടുന്നതോടെ അനുദിനം അവരുടെ മൗലിക അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയാണന്ന് തന്‍വീര്‍ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com