ഈ നക്‌സലേറ്റുകളെ കണ്ടെത്തൂ...; ആക്രമണത്തിന് പിന്നില്‍ തെരുവ് തെമ്മാടികള്‍, മാനസിക ചികിത്സ കൊടുക്കണമെന്ന് ബാബുല്‍ സുപ്രിയോ

ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ തന്നെ അക്രമിച്ച വിദ്യാര്‍ത്ഥികള്‍ നെഞ്ചുറപ്പില്ലാത്തവരും തെരുവ് തെമ്മാടികളുമാണെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ.
തന്നെ അക്രമിച്ച നക്‌സലുകളെ കണ്ടെത്തണം എന്ന ആഹ്വാനത്തോടെ മന്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ചിത്രം
തന്നെ അക്രമിച്ച നക്‌സലുകളെ കണ്ടെത്തണം എന്ന ആഹ്വാനത്തോടെ മന്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ചിത്രം

കൊല്‍ക്കത്ത: ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ തന്നെ അക്രമിച്ച വിദ്യാര്‍ത്ഥികള്‍ നെഞ്ചുറപ്പില്ലാത്തവരും തെരുവ് തെമ്മാടികളുമാണെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ. തന്നെ അക്രമിച്ചവര്‍ ആരൊക്കെയാണെന്ന് എത്രയും വേഗം കണ്ടെത്തുമെന്നും അവര്‍ക്ക് മാനസ്സിക ചികിത്സ കൊടുത്താലെ വിദ്യാര്‍ത്ഥികളെ പോലെ പെരിമാറുള്ളു എന്നും അദ്ദേഹം പറഞ്ഞു. 

ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയുടെ പേര് ചീത്തയാക്കാന്‍ ഈ ഭീരുക്കളെ അനുവദിക്കില്ല. നിങ്ങള്‍ ഉടനെ കണ്ടുപിടിക്കപ്പെടും, പക്ഷേ നിങ്ങള്‍ ഭയപ്പെടേണ്ട, നിങ്ങളെന്നോട് കാട്ടിയത് പോലെ ഞങ്ങള്‍ പെരുമാറില്ല.- കേന്ദ്രമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ക്യാമ്പസില്‍ നടന്ന സംഘര്‍ഷത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു മന്ത്രി ഇത് കുറിച്ചത്. 

നിങ്ങള്‍ക്ക് മാനസ്സിക ചികിത്സ നല്‍കും. എന്നാലെ നിങ്ങളും നിങ്ങളുടെ തെമ്മാടികളായ സുഹൃത്തുക്കളും വിദ്യാര്‍ത്ഥികളെപ്പോലെ പെരുമാറുള്ളുവെന്നും സുപ്രിയോ കുറിച്ചു. സംഘര്‍ഷത്തിന്റെ എല്ലാ ദൃശ്യങ്ങളും മാധ്യമങ്ങളിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

തന്നെ തടഞ്ഞുവച്ച വിദ്യാര്‍ത്ഥികളെ നക്‌സലുകള്‍ എന്ന് ആരോപിച്ച് വീഡിയോകളും കേന്ദ്രമന്ത്രി ഷെയര്‍ ചെയ്തിട്ടുണ്ട്. നനക്‌സലേറ്റുകളാണ് തന്റെ മുടിയില്‍ പിടിച്ചു വലിച്ചതെന്നാണ് മന്ത്രി ആരോപിക്കുന്നത്. തന്നെ അക്രമിച്ച നക്‌സലേറ്റിനെ കണ്ടെത്തണമെന്ന് പറഞ്ഞ് മറ്റൊരു വീഡിയോയും സുപ്രിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

കഴിഞ്ഞദിവസം കൊല്‍ക്കത്തയിലെ ജാവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെത്തിയ ബാബുല്‍ സുപ്രിയോയെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഇടത് സംഘടനകള്‍ തടഞ്ഞിരുന്നു. എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് കേന്ദ്രമന്ത്രി സര്‍വകലാശാലയില്‍ എത്തിയത്. കരിങ്കൊടിയുമായെത്തിയ ഇടത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ മന്ത്രിയെ ഒന്നര മണിക്കൂറോളം തടഞ്ഞുവച്ചു. പിന്നീട് സര്‍വകലാശാല കാമ്പസില്‍നിന്ന് മടങ്ങാന്‍ ഒരുങ്ങവെ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ തലമുടിയില്‍ പിടിച്ചു വലിക്കുകയും തള്ളുകയും ചെയ്തുവെന്നാണ് പരാതി.

വിവരം അറിഞ്ഞ് ഗവര്‍ണര്‍ സര്‍വകലാശാലയിലെത്തിയിരുന്നു. ക്യാംപസ് വിട്ടുപോകാന്‍ അനുവദിക്കാതെ, വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രതിരോധം തീര്‍ത്തുവെങ്കിലും, ഗവര്‍ണര്‍ ഇടപെട്ട് ബാബുല്‍ സുപ്രിയോയെ പുറത്തുകൊണ്ടുവരുകയായിരുന്നു. 

സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐ-എബിവിപി പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ ഏറ്റുമുട്ടി. സര്‍വകലാശാല യൂണിയന്‍ ഓഫീസിന് തീയിട്ട എബിവിപി, വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com