കാറില്‍ കോണ്ടം സൂക്ഷിച്ചില്ലെങ്കില്‍ പിഴ: കള്ളപ്രചരണമെന്നറിയാതെ കോണ്ടം വാങ്ങിക്കൂട്ടി ടാക്‌സി ഡ്രൈവര്‍മാര്‍

ഫസ്റ്റ് എയ്ഡ് കിറ്റില്‍ കോണ്ടം ഇല്ലെങ്കില്‍ വന്‍തുക പിഴയിടുമെന്നും ഡല്‍ഹിയിലെ ഒരു ടാക്‌സി ഡ്രൈവര്‍ക്ക് കാറില്‍ കോണ്ടം സൂക്ഷിക്കാത്തതിനാല്‍ പിഴ അടക്കേണ്ടിവന്നതായും പ്രചരിക്കുന്ന വ്യാജസന്ദേശത്തില്‍ പറയു
കാറില്‍ കോണ്ടം സൂക്ഷിച്ചില്ലെങ്കില്‍ പിഴ: കള്ളപ്രചരണമെന്നറിയാതെ കോണ്ടം വാങ്ങിക്കൂട്ടി ടാക്‌സി ഡ്രൈവര്‍മാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് മോട്ടോര്‍ വാഹന നിയമ ഭേദഗതി നിലവില്‍ വന്നതിന് പിന്നാലെ പുതിയ നിയമങ്ങളെക്കുറിച്ച് ധാരാളം തെറ്റായ പ്രചരണങ്ങളും നടക്കുന്നുണ്ട്. പിഴത്തുകയെക്കുറിച്ചും മറ്റുമുള്ള കള്ളപ്രചരണങ്ങള്‍ക്ക് പിന്നാലെ ഇതുമായി യാതൊരു ബന്ധമില്ലാത്ത കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 

ഇത്തരം വ്യാജസന്ദേശങ്ങള്‍ വിശ്വസിച്ചവരില്‍ ഒരുവിഭാഗമാണ് ഡല്‍ഹിയിലെ ടാക്‌സി ഡ്രൈവര്‍മാര്‍. ടാക്‌സി വാഹനങ്ങളിലെ ഫസ്റ്റ് എയ്ഡ് കിറ്റുകളില്‍ ഇനി മുതല്‍ കോണ്ടവും സൂക്ഷിക്കണമെന്ന് നിയമമുണ്ടെന്നായിരുന്നു  ഡല്‍ഹിയിലെ ടാക്‌സി ഡ്രൈവര്‍മാര്‍ക്കിടയില്‍ പ്രചരിച്ച ഒരു വ്യാജസന്ദേശം.

ഫസ്റ്റ് എയ്ഡ് കിറ്റില്‍ കോണ്ടം ഇല്ലെങ്കില്‍ വന്‍തുക പിഴയിടുമെന്നും ഡല്‍ഹിയിലെ ഒരു ടാക്‌സി ഡ്രൈവര്‍ക്ക് കാറില്‍ കോണ്ടം സൂക്ഷിക്കാത്തതിനാല്‍ പിഴ അടക്കേണ്ടിവന്നതായും പ്രചരിക്കുന്ന വ്യാജസന്ദേശത്തില്‍ പറയുന്നു. ഇതോടെ ഡല്‍ഹിയിലെ ഭൂരിഭാഗം ടാക്‌സി ഡ്രൈവര്‍മാരും കാറില്‍ കോണ്ടം വാങ്ങി സൂക്ഷിച്ചിരിക്കുകയാണ്. 

പൊലീസ് ഈടാക്കിയേക്കാവുന്ന വന്‍ പിഴ പേടിച്ചാണ് കോണ്ടം വാങ്ങിവെച്ചതെന്നായിരുന്നു ഇവരുടെ പ്രതികരണം. എന്നാല്‍ എന്തിനാണ് കോണ്ടം സൂക്ഷിക്കുന്നതെന്ന ചോദ്യം ആരും ഉന്നയിച്ചില്ലെന്നും കേട്ടപാടെ കോണ്ടം വാങ്ങിവെക്കുകയായിരുന്നെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു. 

അതേസമയം, മോട്ടോര്‍ വാഹന നിയമത്തില്‍ ഇത്തരമൊരു നിബന്ധനയെക്കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും, ഫസ്റ്റ് എയ്ഡ് കിറ്റില്‍ കോണ്ടം സൂക്ഷിക്കാത്തതിന്റെ പേരില്‍ ആരില്‍നിന്നും ഇതുവരെ പിഴ ഈടാക്കിയിട്ടില്ലെന്നും ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍(ട്രാഫിക്) താജ് ഹസന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com