'ചായകുടിക്കൂ, ഖാദി ധരിക്കൂ' ; സ്ഥാനാര്‍ത്ഥി മോഹികള്‍ക്ക് 10 കല്‍പ്പനകളുമായി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തിന് അപേക്ഷ നല്‍കുന്നതിന് ജനറല്‍ വിഭാഗത്തിലുള്ളവര്‍ 5000 രൂപ കെട്ടിവെക്കണം
'ചായകുടിക്കൂ, ഖാദി ധരിക്കൂ' ; സ്ഥാനാര്‍ത്ഥി മോഹികള്‍ക്ക് 10 കല്‍പ്പനകളുമായി കോണ്‍ഗ്രസ്

ചണ്ഡീഗഡ് : ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ സ്ഥാനാര്‍ത്ഥി മോഹികളുടെ വന്‍ പ്രവാഹമാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനിടെ സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിക്കുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ് ഹരിയാനയിലെ കോണ്‍ഗ്രസ് നേതൃത്വം. 

മികച്ച സ്വഭാവ ശുദ്ധിയുള്ളവരെയാണ് സ്ഥാനാര്‍ത്ഥിത്വത്തിനായി കോണ്‍ഗ്രസ് തെരയുന്നത്. സ്ഥാനാര്‍ത്ഥിത്വത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചുകൊണ്ട് ഹരിയാന പിസിസി അധ്യക്ഷ കുമാരി ഷെല്‍ജ പ്രത്യേക കുറിപ്പും ഇറക്കിയിട്ടുണ്ട്. 

ഘോഷണപത്ര എന്നു പേരിട്ടിട്ടുള്ള ഇതില്‍ സ്ഥാനാര്‍ത്ഥികളാകാന്‍ പരിഗണിക്കുന്നവരുടെ ഗുണഗണങ്ങള്‍ വ്യക്തമാക്കുന്നു. അപേക്ഷകര്‍ ഗാന്ധിയന്‍ ജീവിതശൈലി പുലര്‍ത്തുന്നവരാകണം, പാര്‍ട്ടി ആശയങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്നയാളാകണം, മതേതര മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചതിട്ടുള്ളത്.

ഏറ്റവും സാധാരണക്കാരനുമായി സമ്പര്‍ക്കം ഉള്ളവരാകണം, ചായ കുടിക്കണം, ഖാദി വസ്ത്രം ധരിക്കണം തുടങ്ങി പത്തോളം കല്‍പ്പനകളാണ് സ്ഥാനാര്‍ത്ഥിമോഹികള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവെക്കുന്നത്. ജാതിയുടെയോ, മതത്തിന്റെയോ പേരില്‍ ആരോടും വിവേചനം കാണിക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തിന് അപേക്ഷ നല്‍കുന്നതിന് ജനറല്‍ വിഭാഗത്തിലുള്ളവര്‍ 5000 രൂപ കെട്ടിവെക്കണം. അതേസമയം പട്ടികജാതി പട്ടിക വര്‍ഗം, വനിത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2000 രൂപ കെട്ടിവെച്ചാല്‍ മതി. കൂടാതെ അപേക്ഷാഫോറത്തിന്റെ തുകയായി 25 രൂപയും നല്‍കണം. ഇതുവഴി സ്ഥാനാര്‍ത്ഥിത്വത്തിനായി വന്‍ തള്ളിക്കയറ്റമുണ്ടാകില്ലെന്നും, ഏറ്റയും യോജിച്ചവരെ കണ്ടെത്താനാകുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com