വിക്രം 'ചന്ദ്രനിലുറങ്ങി' ; ശ്രമം ഉപേക്ഷിച്ച് ഐഎസ്ആര്‍ഒ ; ഇനി ലക്ഷ്യം ഗഗന്‍യാന്‍

ചന്ദ്രയാന്‍ -2 വിലെ ഓര്‍ബിറ്റര്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു
വിക്രം 'ചന്ദ്രനിലുറങ്ങി' ; ശ്രമം ഉപേക്ഷിച്ച് ഐഎസ്ആര്‍ഒ ; ഇനി ലക്ഷ്യം ഗഗന്‍യാന്‍

ബംഗലൂരു : ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 വിലെ വിക്രം ലാന്‍ഡര്‍ ഓർമ്മയാകുന്നു.  ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനുള്ള ഐഎസ്ആര്‍ഒയുടെ ശ്രമം ഇതുവരെ വിജയിച്ചില്ലെന്ന് ചെയര്‍മാന്‍ ഡോ. കെ ശിവന്‍ വ്യക്തമാക്കി. ഇതോടെ ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമം ഐഎസ്ആര്‍ഒ ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. 

ലാന്‍ഡറിന്റെ ആയുസ്സ് തീര്‍ന്നതും ശ്രമം ഉപേക്ഷിക്കുന്നതിന് കാരണമായിട്ടുണ്ട്. 14 ദിവസത്തെ ചാന്ദ്രപകല്‍ അവസാനിക്കുന്നത് കണക്കിലെടുത്ത്  ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒ ഇന്നലെയും കഠിന ശ്രമം നടത്തിയിരുന്നു. വിക്രം ലാന്‍ഡറിന്റെ ബാറ്ററിക്ക് 14 ദിവസത്തെ ആയുസാണുള്ളത്. പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന വിക്രം ലാന്‍ഡറിന്റെ ബാറ്ററിയുടെ ആയുസ് ചാന്ദ്ര പകലിനൊപ്പം അവസാനിച്ചു. ചാന്ദ്ര പകലിന്റെ തുടക്കം കണക്ക് കൂട്ടിയാണ് ഐഎസ്ആര്‍ഒ സെപ്റ്റംബര്‍ 7ന് വിക്ര0 ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറക്കാന്‍ പദ്ധതിയിട്ടത്.

വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്നും ചന്ദ്രനില്‍ ഇടച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞുവീണ നിലയിലാണ് എന്നും കഴിഞ്ഞ 9ന് ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. കൂടാതെ, വിക്രം ലാന്‍ഡറുമായുള്ള വാര്‍ത്താ വിനിമയ ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ് എന്നും ഐഎസ്ആര്‍ഒ വക്താക്കള്‍ പറഞ്ഞിരുന്നു. 

അതേസമയം ചന്ദ്രയാന്‍ -2 വിലെ ഓര്‍ബിറ്റര്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു. ഓര്‍ബിറ്ററില്‍ എട്ട് ഉപകരണങ്ങളാണ് ഉള്ളത്. ഇവ കൊണ്ട് ഉദ്ദേശിച്ചതെന്താണോ, ആ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നിര്‍വഹിക്കുന്നുണ്ട്. തങ്ങളുടെ അടുത്ത പരിഗണന ഗഗന്‍യാന്‍ മിഷനാണെന്നും കെ ശിവന്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com