തിഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരത്തിന് തമിഴ്‌നാട്ടിലെ ഗ്രാമത്തിലേക്ക് പിറന്നാള്‍ ആശംസ അയച്ച് മോദി; സന്തോഷം പങ്കുവെച്ച് ട്വീറ്റ്

ചിദംബരം തന്നെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചതായി ട്വിറ്ററിലൂടെ അറിയിച്ചത്
തിഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരത്തിന് തമിഴ്‌നാട്ടിലെ ഗ്രാമത്തിലേക്ക് പിറന്നാള്‍ ആശംസ അയച്ച് മോദി; സന്തോഷം പങ്കുവെച്ച് ട്വീറ്റ്

ന്യൂഡല്‍ഹി; ഐഎന്‍എക്‌സ് കേസില്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി ചിദംബരത്തിന് പിറന്നാള്‍ ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരത്തിന് തമിഴ്‌നാട്ടിലെ വിലാസത്തിലേക്കാണ് പിറന്നാള്‍ ആശംസകള്‍ അയച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള കാര്‍ഡില്‍ തമിഴിലാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ചിദംബരം തന്നെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചതായി ട്വിറ്ററിലൂടെ അറിയിച്ചത്. 

ചിദംബരത്തിന് ആരോഗ്യവും സന്തോഷവും ആശംസിച്ചുകൊണ്ടുള്ള കത്തില്‍ ഇനിയും ജനങ്ങള്‍ക്ക് സേവനം ചെയ്യാനാകട്ടെയെന്നാണ് പ്രധാനമന്ത്രി ആശംസിക്കുന്നത്. ജയിലില്‍ കഴിയുന്ന ചിദംബരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് കുടുംബാംഗങ്ങളാണ് കൈകാര്യം ചെയ്യുന്നത്. എനിക്കു വേണ്ടി ഇനി പറയുന്നതു പോലെ ട്വീറ്റ് ചെയ്യാന്‍ കുടുംബാംഗങ്ങളോട് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന മുഖവുരയോടെയാണ് പ്രധാനമന്ത്രിയുടെ ആശംസയ്ക്കുള്ള ചിദംബരത്തിന്റെ മറുപടി. പിറന്നാളിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ ലഭിച്ചപ്പോള്‍ ആശ്ചര്യപ്പെട്ടെന്നും അദ്ദേഹം കുറിക്കുന്നു. തമിഴ്‌നാട്ടിലെ ഗ്രാമത്തിലെ വിലാസത്തിലാണ് ആശംസ സന്ദേശം എത്തിയത്. ഇത് അദ്ദേഹത്തിന് അയച്ചുകൊടുക്കുകയായിരുന്നു. സെപ്റ്റംബര്‍ 16ന് ആയിരുന്നു ചിദംബരത്തിന് 74 വയസ് തികഞ്ഞത്. 

എന്നാല്‍ തന്നെ ജയിലിലിട്ടിരിക്കുന്നതിനെ വിമര്‍ശിക്കാനും ചിദംബരം മറന്നില്ല. മോദി ആഗ്രഹിച്ചതുപോലെ ജനങ്ങളെ തുടര്‍ന്ന് സേവിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ താങ്കളുടെ അന്വേഷണ ഏജന്‍സികള്‍ എന്നെ ഇതില്‍ നിന്ന് തടഞ്ഞിരിക്കുകയാണ്. നിലവിലെ പീഡനങ്ങള്‍ അവസാനിക്കുന്നതോടെ ജനങ്ങളിലേക്ക് തിരികെ വരുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com