പൊതുമേഖല ബാങ്കുകള്‍ അടച്ചുപൂട്ടുന്നു?; സോഷ്യല്‍മീഡിയയില്‍ പ്രചാരണം; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

സോഷ്യല്‍മീഡിയയിലാണ് ബാങ്കുകള്‍ അടച്ചുപൂട്ടാന്‍  നീക്കം നടക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ചില പൊതുമേഖല ബാങ്കുകള്‍ അടച്ചുപൂട്ടാന്‍  നീക്കം നടക്കുന്നതായുളള അഭ്യൂഹങ്ങള്‍ തളളി കേന്ദ്രസര്‍ക്കാര്‍. സോഷ്യല്‍മീഡിയയിലാണ് ബാങ്കുകള്‍ അടച്ചുപൂട്ടാന്‍  നീക്കം നടക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. എന്നാല്‍ ഇത് ദുഷ്പ്രചാരണം മാത്രമാണെന്നും പൊതുമേഖല ബാങ്കുകള്‍ അടച്ചുപൂട്ടുന്നതിനെ കുറിച്ചുളള ചോദ്യം പോലും പ്രസക്തമല്ലെന്നും ചൂണ്ടിക്കാട്ടി അഭ്യൂഹങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തളളി.

കഴിഞ്ഞദിവസം പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ മുംബൈ ശാഖകളുടെ പ്രവര്‍ത്തനത്തിന് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.  കിട്ടാക്കടം സംബന്ധിച്ചുളള കണക്കുകള്‍ വെളിപ്പെടുത്താതിരുന്നത് ചൂണ്ടിക്കാണിച്ചാണ് റിസര്‍വ് ബാങ്ക് സഹകരണബാങ്കിന്റെ ശാഖകളുടെ പ്രവര്‍ത്തനം വിലക്കിയത്. നിക്ഷേപങ്ങള്‍ സ്വീകരിക്കാനും വായ്പകള്‍ അനുവദിക്കാനും വിലക്ക് ഏര്‍പ്പെടുത്തി കൊണ്ടാണ് കേന്ദ്രബാങ്കിന്റെ ഇടപെടല്‍. ഇത് ബാങ്കിങ് മേഖലയില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചില പൊതുമേഖല ബാങ്കുകള്‍ അടച്ചുപൂട്ടാന്‍ നീക്കം നടക്കുന്നതായുളള അഭ്യൂഹങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിച്ചത്.

ചില പൊതുമേഖല ബാങ്കുകള്‍ അടച്ചുപൂട്ടാന്‍ പോകുന്നു എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. ഇത് ദുഷ്പ്രചാരണം മാത്രമാണ്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുമേഖല ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. പൊതുമേഖല ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനുളള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. കൂടുതല്‍ മൂലധനം ലഭ്യമാക്കി ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നേടികൊടുക്കാനുളള ശ്രമത്തിലാണ് സര്‍ക്കാരെന്നും രാജീവ് കുമാര്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ഇത് വ്യാജവാര്‍ത്തയാണെന്ന് വ്യക്തമാക്കി ട്വീറ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com