'ഞാന്‍ പാലമായി നില്‍ക്കാം, നിങ്ങള്‍ ഇന്ത്യയിലേക്ക് വരൂ'; വിദേശ നിക്ഷേപകരെ സ്വാഗതം ചെയ്ത് മോദി

ഇന്ത്യയും യുഎസും ചേര്‍ന്നാല്‍ ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കുമെന്നും ഇതിനായി താന്‍ പാലമായി നിലകൊള്ളുമെന്നും മോദി പറഞ്ഞു
'ഞാന്‍ പാലമായി നില്‍ക്കാം, നിങ്ങള്‍ ഇന്ത്യയിലേക്ക് വരൂ'; വിദേശ നിക്ഷേപകരെ സ്വാഗതം ചെയ്ത് മോദി

ന്യൂയോര്‍ക്ക്; ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് യുഎസ് വ്യവസായ സ്ഥാപനങ്ങളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും യുഎസും ചേര്‍ന്നാല്‍ ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കുമെന്നും ഇതിനായി താന്‍ പാലമായി നിലകൊള്ളുമെന്നും മോദി പറഞ്ഞു. ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വര്‍ഷം തന്റെ ഭരണത്തില്‍ രാജ്യം കൈവരിച്ച പുരോഗതി എണ്ണി പറയാനും അദ്ദേഹം മറന്നില്ല. 

'നിങ്ങളുടെ ആഗ്രഹങ്ങളും ഞങ്ങളുടെ സ്വപ്നങ്ങളും ഇണക്കമുള്ളതാണ്. യുഎസിന്റെ സാങ്കേതിക വിദ്യയും ഇന്ത്യയുടെ ബുദ്ധിയും ലോകത്തെ മാറ്റിമറിക്കും. ഇന്ത്യയും യുഎസും ചേര്‍ന്നാല്‍ ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ വേഗത്തിലാകും. അവിടെ എന്തെങ്കിലും വിടവ് അനുഭവപ്പെട്ടാല്‍ പാലമായി ഞാന്‍ നില്‍ക്കും'

രാജ്യാന്തര തലത്തില്‍ വിദേശനിക്ഷേപ റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം മുകളിലോട്ടാണ്. ലോകത്താകെ ഇതു താഴേക്കു പതിക്കുമ്പോഴാണ് ഇന്ത്യയുടെ മുന്നേറ്റം. ജനാധിപത്യം, ജനസംഖ്യ, ആവശ്യകത, നിശ്ചയദാര്‍ഢ്യം എന്നീ നാലു ഘടകങ്ങള്‍ ചേര്‍ന്നതാണ് ഇന്ത്യ. രാജ്യത്തെ ജനാധിപത്യവും നിയമ സംവിധാനങ്ങളും നിക്ഷേപങ്ങള്‍ക്കു സംരക്ഷണം നല്‍കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ പ്രതിരോധം വരെയുള്ള എല്ലാ മേഖലകളിലും ഇന്ത്യയ്ക്ക് ആവശ്യങ്ങളുണ്ടെന്നും മോദി പറഞ്ഞു.

സമ്പദ്‌വ്യവസ്ഥ ഉയരങ്ങളിലെത്തിക്കുക ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ വിദേശ നിക്ഷേപങ്ങളെ രാജ്യത്തേക്കു ക്ഷണിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം അഞ്ച് ട്രില്യന്‍ ഡോളറായി ഉയര്‍ത്തുകയെന്നതാണു ലക്ഷ്യം. ഇതിനായി കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍  മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com