രണ്ടു വര്‍ഷത്തെ അന്വേഷണം ; വേട്ടയാടി ബിജെപി സര്‍ക്കാര്‍ ; ഒടുവില്‍ ഡോക്ടര്‍ കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് ; ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട്

കുട്ടികളുടെ മരണത്തിനിടയായ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടിലാണ് ഡോക്ടര്‍ കഫീല്‍ ഖാന്‍
രണ്ടു വര്‍ഷത്തെ അന്വേഷണം ; വേട്ടയാടി ബിജെപി സര്‍ക്കാര്‍ ; ഒടുവില്‍ ഡോക്ടര്‍ കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് ; ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട്

ലക്‌നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പുരിലെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് 63 കുട്ടികള്‍ മരിച്ച സംഭവവത്തില്‍ ശിശുരോഗ വിദഗ്ധന്‍ ഡോ.കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ്. ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ വകുപ്പുതല അന്വേഷണത്തിനൊടുവിലാണ് കഫീല്‍ ഖാനെ കുറ്റവിമുക്തനാക്കിയത്. സംഭവത്തില്‍ രണ്ടു വര്‍ഷത്തോളമായി ഡോ. കഫീല്‍ ഖാന്‍ സസ്‌പെന്‍ഷനിലായിരുന്നു. 

ഡോ. കഫീല്‍ ഖാനെതിരായ ചികില്‍സയിലെ പിഴവ്, ജാഗ്രതക്കുറവ്, അഴിമതി, കൃത്യനിര്‍വഹണത്തിലെ വീഴ്ച തുടങ്ങിയ ആരോപണങ്ങള്‍ സത്യമല്ലെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. യുപി മെഡിക്കല്‍ എഡ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹിമാന്‍ഷു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്. കഫീല്‍ ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയെന്ന ആരോപണം തെറ്റാണെന്നും, ദുരന്തമുണ്ടായ ദിവസങ്ങളില്‍ ഡോക്ടര്‍ കഴിവിന്റെ പരിധിയോളം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകാന്‍ പരിശ്രമിച്ചെന്നും 15 പേജുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

ഏപ്രില്‍ 18 നാണ് റിപ്പോര്‍ട്ട് യുപി സര്‍ക്കാരിന് കൈമാറിയത്. എന്നാല്‍ ഇത്രയും നാളും റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച യോഗി സര്‍ക്കാര്‍ വ്യാഴാഴ്ചയാണ് ഡോക്ടര്‍ കഫീല്‍ ഖാന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്. യുപി സര്‍ക്കാര്‍ ഇപ്പോഴും തന്നോട് ശത്രുതാ നിലപാടാണ് സ്വീകരിക്കുന്നതെന്നും, അഞ്ചുമാസത്തോളമാണ് തന്നെ ഇരുട്ടില്‍ നിര്‍ത്തിയതെന്നും ഡോ. കഫീല്‍ ഖാന്‍ ആരോപിച്ചു. 

2017 ആഗസ്റ്റിലായിരുന്നു സംഭവം. ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച 63 പിഞ്ചുകുട്ടികളാണ്  ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് മരിച്ചത്. സംഭവം അറിഞ്ഞ് ഓടിയെത്തിയ ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ ഖാന്‍ സ്വന്തം കയ്യില്‍ നിന്ന് പണം നല്‍കി പുറത്ത് നിന്ന് ഓക്‌സിജന്‍ സിലണ്ടര്‍ എത്തിച്ചാണ് ബാക്കിയുള്ള കുട്ടികളുടെ ജീവന്‍ രക്ഷിച്ചത്. ഓക്‌സിജന്‍ സപ്ലൈ ചെയ്യുന്ന ഏജന്‍സിക്ക് സര്‍ക്കാര്‍ പണം നല്‍കാത്തത് മൂലമാണ് ദുരന്തമുണ്ടായത് എന്ന് കഫീല്‍ ഖാന്‍ വെളിപ്പെടുത്തിയതാണ് ബിജെപി സര്‍ക്കാരിനെ ചൊടിപ്പിച്ചത്. 

തുടര്‍ന്ന് കഫീല്‍ ഖാനെതിരെ പ്രതികാര നടപടികളുമായി യുപി സര്‍ക്കാര്‍ മുന്നോട്ട് നീങ്ങി. മെഡിക്കല്‍ കോളേജില്‍ നിന്നും കഫീല്‍ കാനെ സസ്‌പെന്‍ഡ് ചെയ്തു. തൊട്ടുപിന്നാലെ ഡോക്ടറെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 2017 ആഗസ്റ്റ് മുതല്‍ 2018 ഏപ്രില്‍ വരെ കഫീല്‍ ജയിലിലായിരുന്നു. പിന്നീട് അലഹബാദ് ഹൈക്കോടതി കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. കുട്ടികളുടെ മരണത്തിനിടയായ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടിലാണ് ഡോക്ടര്‍ കഫീല്‍ ഖാന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com