കശ്മീരില്‍ ബന്ദിയാക്കിയ ആളെ രക്ഷപ്പെടുത്തി; മൂന്ന് ഭീകരരെ വധിച്ചു; ഒരു ജവാന് വീരമൃത്യു

സുരക്ഷാ സേന നടത്തിയ വെടിവെപ്പിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്
കശ്മീരില്‍ ബന്ദിയാക്കിയ ആളെ രക്ഷപ്പെടുത്തി; മൂന്ന് ഭീകരരെ വധിച്ചു; ഒരു ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ ബന്ദിയാക്കിയയാളെ സൈന്യം സുരക്ഷിതമായി രക്ഷപ്പെടുത്തി. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. കശ്മീരിലെ രംബാന്‍ ജില്ലയിലെ ബടോടിലാണ് ഭീകരര്‍ ഒരാളെ ബന്ദിയാക്കിയത്. സുരക്ഷാ സേന നടത്തിയ വെടിവെപ്പിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്. രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റു. രണ്ട് ഭീകരര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. 

ബടോടില്‍ അഞ്ച് ഭീകരരുടെ സംഘം ഒരു വീട്ടില്‍ കയറി ഗൃഹനാഥനെ ബന്ദിയാക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ രക്ഷപ്പെട്ടു. അഞ്ച് ഭീകരരില്‍ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. വീടിനകത്തുണ്ടായിരുന്ന മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ യുടെ ട്രൈപ്പോഡിന് വെടിയേറ്റു.

രാവിലെ മുതല്‍ ജമ്മു കശ്മീരില്‍ രണ്ടിടത്താണ് ഏറ്റുമുട്ടലുണ്ടായത്. ഗന്ദര്‍ബലിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ബടോടില്‍ ജമ്മു- ശ്രീനഗര്‍ ഹൈവേയില്‍ ഭീകരര്‍ യാത്രാ ബസ് തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചതിന് പിന്നാലെയാണ് സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായത്.

ഗന്ദര്‍ബലില്‍ വന്‍ ആയുധ ശേഖരം കണ്ടെടുത്തതായി നോര്‍ത്തേണ്‍ കമാന്‍ഡ് അറിയിച്ചു. അതിനിടെ ശ്രീനഗറില്‍ ജനവാസ മേഖലയിലേക്ക് ഭീകരന്‍ ഗ്രനേഡ് എറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. സിആര്‍പിഎഫുകാരെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ആര്‍ക്കും പരുക്കില്ല.

സൈനിക വേഷത്തിലെത്തിയ തീവ്രവാദികളാണ് ബടോടില്‍ ബസ് തടഞ്ഞു നിര്‍ത്തിയത്. എന്നാല്‍ സംശയം തോന്നിയതോടെ ഡ്രൈവര്‍ ബസ് വേഗം ഓടിച്ചു പോയി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അതിനിടെ രണ്ടിടത്ത് സ്‌ഫോടനങ്ങള്‍ നടന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com