നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം; മൂഖ്യസൂത്രധാരന്‍ മലയാളി എന്‍ട്രന്‍സ് കോച്ചിങ് സെന്റര്‍ ഉടമ; തട്ടിപ്പ് നടത്തിയ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

തിരുവനന്തപുരം സ്വദേശി ജോര്‍ജ് ജോസഫാണ് ലക്ഷങ്ങള്‍ വാങ്ങി ആള്‍മാറാട്ടം നടത്തുന്നതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്
നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം; മൂഖ്യസൂത്രധാരന്‍ മലയാളി എന്‍ട്രന്‍സ് കോച്ചിങ് സെന്റര്‍ ഉടമ; തട്ടിപ്പ് നടത്തിയ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ചെന്നൈ; നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി എംബിബിഎസ് പ്രവേശനം നേടിയ കേസിലെ മുഖ്യസൂത്രധാരന്‍ മലയാളി. തിരുവനന്തപുരം സ്വദേശി ജോര്‍ജ് ജോസഫാണ് ലക്ഷങ്ങള്‍ വാങ്ങി ആള്‍മാറാട്ടം നടത്തുന്നതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. തട്ടിപ്പ് നടത്തിയതിന് പിടിയിലായ വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളുമാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ജോര്‍ജ് ജോസഫിനെ കഴിഞ്ഞ ദിവസം തമിഴ്‌നാട് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു. 

തിരുവനന്തപുരത്തെ എന്‍ട്രന്‍സ് കോച്ചിങ് സെന്റര്‍ ഉടമയാണ് ജോര്‍ജ് ജോസഫ്. ഇയാളുടെ സംഘത്തില്‍പ്പെട്ട വെല്ലൂര്‍ വാണിയമ്പാടി സ്വദേശി മുഹമ്മദ് ശാഫി, ബെംഗളൂരു സ്വദേശി റാഫി എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഷാഫിയാണ് ആള്‍മാറാട്ടത്തിനുള്ള ആളുകളെ കണ്ടെത്തി നല്‍കിയിരുന്നത്. കസ്റ്റഡിയിലെടുത്ത ജോര്‍ജ് ജോസഫിന്റെ ചോദ്യംചെയ്യല്‍ തുടരുകയാണ്. വന്‍ തട്ടിപ്പ് പുറത്തുവന്നതോടെ 2017 മുതല്‍ തമിഴ്‌നാട്ടില്‍ നിന്ന് പ്രവേശനം നേടിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഡേറ്റാ ബേസ് പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം. 

എസ്ആര്‍എം മെഡിക്കല്‍ കോളേജ്, ശ്രീബാലാജി മെഡിക്കല്‍ കോളേജ്, സത്യ സായി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവീണ്‍, രാഹുല്‍, അഭിരാമി എന്നിവരും ഇവരുടെ അച്ഛന്മാരുമാണ് അറസ്റ്റിലായിരിക്കുന്നത്. 23 ലക്ഷം രൂപ ഈടാക്കിയാണ് വിദ്യാര്‍ഥികള്‍ക്കു പ്രവേശന പരീക്ഷ എഴുതാന്‍ ആളുകളെ ഏര്‍പ്പാടാക്കി നല്‍കിയിരുന്നത്. പരീക്ഷയുടെ മുന്‍പായി ഒരു ലക്ഷം രൂപ നല്‍കണം. പ്രവേശനം ഉറപ്പാകുമ്പോള്‍ ബാക്കി തുകയും നല്‍കുന്നതായിരുന്നു രീതി.

തേനി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ ഉദിത് സൂര്യയില്‍ നിന്നാണ് ഈ കേസിന്റെ ചുരുളഴിഞ്ഞു തുടങ്ങുന്നത്. എംബിബിഎസ് പ്രവേശനത്തിന് എത്തിയ ഉദിത് സൂര്യയുടെ ഹാള്‍ടിക്കറ്റിലെ ഫോട്ടോയും വിദ്യാര്‍ത്ഥിയുടെ മുഖവും തമ്മില്‍ സാമ്യമില്ലെന്ന് കണ്ടെത്തിയതോടെയാണ് വന്‍ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. തനിക്ക് വേണ്ടി മറ്റൊരാളാണ് പരീക്ഷ എഴുതിയതെന്നും ഇടനിലക്കാരന്‍ വഴി പിതാവ് സ്റ്റാന്‍ലിയാണ് ആളെ ഏര്‍പ്പാടാക്കിയതെന്നുമായിരുന്നു വിദ്യാര്‍ത്ഥിയുടെ മൊഴി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. 

അതിനിടെ ആള്‍മാറാട്ടം കണ്ടെത്തി കോളജ് വിദ്യഭ്യാസ ഡയറക്ടറെ അറിയിച്ച തേനി മെഡിക്കല്‍ കോളജ് റജിസ്ട്രാര്‍ ഡോ.രാജേന്ദ്രന്‍ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു പൊലീസില്‍ പരാതി നല്‍കി. കോളജിലെ രണ്ടു ജീവനക്കാര്‍ക്ക് കൂടി തട്ടിപ്പില്‍ പങ്കുണ്ടെന്നും പരാതിയിലുണ്ട്. മുന്‍വര്‍ഷങ്ങളിലേയും നിരവധി വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ പ്രവേശനം നേടിയിട്ടുണ്ടെന്നാണ്കരുതുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com